ന്യൂഡൽഹി : കുട്ടികളിലെ കൊറോണ വ്യാപനം തടയാൻ കൊവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. പ്രസ്താവനയിലൂടെയാണ് രക്ഷിതാക്കളുടെ ആശങ്കകൾക്ക് ഭാരത് ബയോടെക് മറുപടിയുമായി രംഗത്ത് വന്നത്. കുട്ടികളിൽ വാക്സിൻ സുരക്ഷിതമാണെന്നും നിർമ്മാണ കമ്പനി അറിയിച്ചു.
2 മുതൽ 18 വരെ പ്രായപരിധിയുള്ളവരിൽ വാക്സിൻ സുരക്ഷിതമാണ്. വാക്സിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ 2 മുതൽ 18 വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തിയിരുന്നു. ഈ പരീക്ഷണങ്ങൾ എല്ലാം വൻ വിജയവും വലിയ പ്രചോദനം നൽകുന്നതുമാണ്. വാക്സിന്റെ സുരക്ഷ എന്നത് ഏറെ നിർണായകമാണ്. വാക്സിൻ കുട്ടികളിൽ സുരക്ഷിതമാണെന്നും അവരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നുമുള്ള കണ്ടെത്തൽ വലിയ സന്തോഷം നൽകുന്നതാണെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഈ വർഷം ജൂൺ മുതൽ സെപ്തംബർവരെയാണ് കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചത്. തുടർന്ന് ഈ റിപ്പോർട്ട് ഒക്ടോബറിൽ സെൻട്രൽ ഡ്രഗ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ സമർപ്പിച്ചു. റിപ്പോർട്ട് വിശകലനം ചെയ്ത ശേഷമാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ അടിയന്തിര അനുമതി നൽകിയത്.
Comments