വിശാഖപട്ടണം: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ജയിലടയ്ക്കുന്നത് സാധാരണ സംഭവമാണ്.എന്നാൽ ആന്ധ്രാപ്രദേശിൽ 10 ദിവസമായി നിരപരാധികളായ കുറച്ച് പേർ ജയിലിലാണ്.ഇവരെ തീറ്റിപോറ്റാനാകാതെ കഷ്ടപ്പെടുകയാണ് പോലീസുകാർ.നിരപരാധികളെ ജയിലിലടയ്ക്കാതെ പുറത്ത് വിട്ടുകൂടെ എന്ന് ചോദിക്കാൻ വരട്ടെ തുറന്ന് വിട്ടാൽ അവരെ പിന്നെ കണ്ടു കിട്ടാൻ പ്രയാസമായിരിക്കും എന്നതാണ് കാരണം.അമ്പരക്കേണ്ട. ഒരു കാരണവുമില്ലാതെ ജയിലടച്ചത് മനുഷ്യരെയല്ല പകരം കുറച്ച് കോഴികളെയാണ്.
ആന്ധ്രായിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. കോഴിപ്പോരിനായി എത്തിച്ച കോഴികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റിയത്. ആന്ധ്രയിൽ കോഴിപ്പോര് നിയമം മൂലം നിരോധിച്ചതിനാൽ, കോഴികളുടെ അവകാശവാദം ഉന്നയിച്ച് ആരും രംഗത്തെത്തിയിട്ടില്ല.
കോഴികൾ 10 ദിവസമായി ജയിൽ വാസം തുടരുന്നതായാണ് റിപ്പോർട്ട്.ലോക്കപ്പിലുള്ള കോഴികൾക്ക് ഭക്ഷണം നൽകാൻ പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ സ്വന്തം പോക്കറ്റിൽനിന്ന് പണമെടുത്താണ് പോലീസുകാർ തീറ്റ വാങ്ങുന്നത്.
കോഴിപ്പോര് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. അതിനാൽ പല സ്ഥലങ്ങളിലും പോലീസിനെ കാണുമ്പോൾ, കോഴിപോരിന് കൊണ്ടു വന്ന കോഴിയെ ഉപേക്ഷിച്ചു ആളുകൾ രക്ഷപെടുകയാണ് പതിവ്.ഇതോടെയാണ് പോലീസ് ചില കോഴികളെ കസ്റ്റഡിയിലെടുത്ത് 10 ദിവസത്തോളം ജയിലിൽ അടച്ചത്.
കോഴികൾക്ക് അവകാശവാദം ഉന്നയിക്കാൻ ആരും എത്താത്തതിനാൽ കോഴികളെ തുടർന്ന് സംരക്ഷിക്കേണ്ട ചുമതല പോലീസുകാരുടെ തലയിലായിരിക്കുകയാണ്.കോഴിക്ക് അവകാശവാദമുന്നയിച്ചാൽ പോലീസ് കേസ് നേരിടേണ്ടിവരുമെന്ന ഭയത്തെ തുടർന്നണ് പലരും കോഴിയെ തേടി വരാത്തത്.















