ശ്രീനഗർ: ജമ്മുകശ്മീരിൽ വൻ ആയുധ-മയക്കുമരുന്ന് വേട്ട നടത്തി അതിർത്തി സുരക്ഷാ സേന. കശ്മീരിലെ ജമ്മു സെക്ടറിലാണ് ബിഎസ്എഫ് സൈന്യം വൻ ആയുധവേട്ട നടത്തിയത്.
രാവിലെ സീറോ ലൈൻ പട്രോളിങ്ങിനിറങ്ങിയതായിരുന്നു ബിഎസ്എഫിന്റെ 98-ാം ബറ്റാലിയൻ സംഘം. ഐ സർക്കാന്ത പ്രദേശത്തെ കുറ്റിക്കാട്ടിൽ വലിയ ചാക്ക് മറച്ചുവെച്ചിരിക്കുന്നത് കാണാനിടയായി. തുടർന്ന് സംശയം തോന്നി തുറന്നു നോക്കിയപ്പോഴാണ് വൻ ആയുധ-ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.
മൂന്ന് എകെ-47 റൈഫിളുകൾ, അഞ്ച് പിസ്റ്റലുകൾ, അഞ്ച് എകെ മാഗസീനുകൾ, ഏഴ് പിസ്റ്റൽ മാഗസീനുകൾ, എകെ സീരീസിന്റെ 14 റൗണ്ടുകൾ, 9എംഎമ്മിന്റെ ഏഴ് റൗണ്ടുകൾ എന്നീ ആയുധങ്ങൾ ചാക്കിൽ നിന്നും കണ്ടെത്തി. അഞ്ച് പാക്കറ്റ് ഹെറോയിനും ചാക്കിലുണ്ടായിരുന്നു.















