ലോകത്തിന്റെ പല ഭാഗത്തും വ്യത്യസ്ത ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. ഓരോ നാടും അവരുടേതായ സംസ്‌കാരങ്ങൾ കൊണ്ട് വേറിട്ട് നിൽക്കുന്നവയാണ്. കൗതുകമുള്ളത് മുതൽ ഭയപ്പെടുത്തുന്നത് വരെയുള്ള പല ആചാരങ്ങളും പിന്തുടരുന്നവരെ നമുക്കറിയാം. അത്തരത്തിലൊരു ആചാരമാണ് ഇന്തോനേഷ്യയിലെ ഡാനി ഗോത്രവർഗ്ഗക്കാർ പിന്തുടരുന്നത്. അടുത്ത ബന്ധുക്കൾ ആരെങ്കിലും മരിച്ചാൽ ഇവിടെ സ്ത്രീകൾ കൈവിരലിന്റെ പകുതി മുറിച്ചു മാറ്റും. മരിച്ചവരുടെ നിത്യശാന്തിയ്‌ക്ക് വേണ്ടിയാണിത്. നോക്കാം പാപുവയിലെ ഡാനി ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങൾ.
വിരൽ മുറിച്ചു മാറ്റുന്ന ഈ ആചാരത്തെ ഇകിപാലിൻ എന്നാണ് അറിയപ്പെടുന്നത്. കുടുംബത്തിലെ അമ്മമാരാകും മിക്കവാറും ഈ ആചാരം അനുഷ്ഠിക്കുന്നത്. പല രീതിയിലാണ് വിരലുകൾ മുറിച്ചു കളയുന്നത്. കത്തിയോ മറ്റേതെങ്കിലും കല്ലുകൊണ്ടുണ്ടാക്കിയ മൂർച്ചയേറിയ ആയുധമോ ഉപയോഗിച്ച് വിരലിന്റെ മുകൾ ഭാഗം ഛേദിച്ചുകളയുകയാണ് ഒരു രീതി. വിരൽ ഛേദിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടുതാഴെ നൂലോ മറ്റോ ഉപയോഗിച്ച് കെട്ടി മുറുക്കി വെയ്‌ക്കും. അരമണിക്കൂറിന് ശേഷം മുറിച്ചുകളയുന്നതാണ് മറ്റൊരു രീതി. മരിച്ചവരെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ ആചാരം. മുറിച്ചു കളയുന്ന വിരൽ ഭാഗം പിന്നീട് പ്രത്യേക സ്ഥലത്തുവെച്ച് സംസ്‌കരിക്കും.
മരിച്ചവരുടെ ആത്മാവ് ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിൽ കയറിക്കൂടുന്നത് ഒഴിവാക്കാനാകുമെന്നും ചിലർ വിശ്വസിക്കുന്നു. വിരൽ മുറിക്കാൻ അധികാരമുള്ളവർ പച്ചയ്‌ക്ക് മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ഇതിന്റെ കൊടിയ വേദന മൂലം മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് ഒരു വിശ്വാസം. ഒരു തവണ മാത്രമല്ല വിരൽ മുറിയ്‌ക്കുന്നത്. അടുപ്പക്കാർ ഓരോരുത്തർ മരിക്കുമ്പോഴും ഈ ആചാരം നടപ്പാക്കും. കുടുംബത്തിന്റെ അംഗസംഖ്യ കൂടുതലാണെങ്കിൽ പോകുന്ന വിരലുകളുടെ എണ്ണവും കൂടുമെന്ന് അർത്ഥം.
മുഖത്ത് ചെളിയും ചാരവും പൂശുന്നതാണ് വിരൽ മുറിക്കൽ കൂടാതെയുള്ള മറ്റൊരു ആചാരം. ശിശു മരണം സംഭവിച്ച കുടുംബത്തിലാണ് ഇത്തരത്തിലുള്ള ആചാരം നടക്കുന്നത്. തുടരെ ശിശുമരണം സംഭവ ശേഷം പിറക്കുന്ന കുഞ്ഞിന്റെ കൈവിരൽ അമ്മ കടിച്ചു തുപ്പുന്ന രീതിയും ഇവിടുത്തുകാർ പിന്തുടരുന്നുണ്ട്. ഇത്തരത്തിൽ ചെയ്താൻ കുഞ്ഞിന് ദീർഘായുസ് ലഭിക്കുമെന്നാണ് വിശ്വാസം.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ ദുരാതചാരം ഇന്തോനേഷ്യൻ സർക്കാർ നിയമം മൂലം നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോഴും പല വീടുകളിലും രഹസ്യമായി ഈ ആചാരം നടക്കുന്നുണ്ടെന്നാണ് വിവരം. ഇവിടുത്തെ പഴയ തലമുറിയിലെ സ്ത്രീകളുടെ വിരൽ നോക്കിയാൽ മുഴുവൻ വിരലുകളുമുള്ള ആരേയും ഇവിടെ കാണാനാകില്ല.















