കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരായി ആരുമില്ല.കൂട്ടിലാണെങ്കിലും കാട്ടിലാണെങ്കിലും സിംഹമെന്ന് കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും.അപ്പോൾ കൺമുമ്പിൽ ഒരു സിംഹം വന്ന് നിന്നാലോ? ജീവനും കൊണ്ട് ഓടും എന്നായിരിക്കും ഉത്തരം.
എന്നാൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സിംഹത്തെ ചെവിക്ക് പിടിച്ച് രണ്ടടി കൊടുത്ത് തൂക്കിയെടുത്ത് കൂട്ടിലടയ്‌ക്കും എന്നാണ് കുവൈറ്റിലെ ഒരു യുവതി പറയുന്നത്.ഇതെന്താ പൂച്ചകുഞ്ഞെങ്ങാനുമാണോ ചെവിക്കുപിടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോകാനെന്ന് ചോദിക്കാൻ വരട്ടെ.
പറച്ചിലുമാത്രമല്ല പ്രവൃത്തിയുമുണ്ടെന്ന് കുവൈറ്റിലെ യുവതി തെളിയിച്ചു.കൂട്ടിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ജനവാസകേന്ദ്രത്തിൽ ഭീതി പടർത്തിയ സിംഹത്തെയാണ് യുവതി തൂക്കിയെടുത്ത് കൊണ്ട് പോയത്.
ആശ്ചര്യം എന്ന് തോന്നാമെങ്കിലും ഇതിന് പിന്നിൽ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. സിംഹം ആ യുവതിയുടെ ‘ഓമന വളർത്തു മൃഗ’മായിരുന്നത്രേ.ആ ധൈര്യത്തിലാണ് യുവതി ഇത്ര കൂളായി സിംഹത്തെ തൂക്കിപിടിച്ച് കൊണ്ടുപോയത്.എന്തായാലും യുവതിയുടേയും സിംഹത്തിന്റെയും വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.















