ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എങ്ങോട്ട് പോയെന്ന് അറിയാതെ പാർട്ടി നേതാക്കൾ പോലും പ്രതിസന്ധിയിലായിരിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു. രാഹുലിന്റെ വിദേശ യാത്രകൾക്ക് പിന്നിലുള്ള രഹസ്യമാണ് സിദ്ധു വെളിപ്പെടുത്തിയിരിക്കുന്നത്. രാഹുൽ രഹസ്യ ചർച്ച നടത്താൻ വേണ്ടിയാണ് വിദേശത്തേക്ക് പോയത് എന്നാണ് സിദ്ധു പറഞ്ഞത്.
മറ്റേത് നേതാക്കൾ വിദേശത്തേക്ക് പോയാലും ആർക്കും പ്രശ്നമില്ല. രാഹുൽ ഗാന്ധി പോയാൽ മാത്രം എല്ലായിടത്തുനിന്നും ചോദ്യങ്ങൾ ഉയരും. അദ്ദേഹം എവിടെ പോയാലും കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയോ രഹസ്യ ചർച്ചകൾ നടത്തുകയോ ചെയ്യാറുണ്ട്. അത് രാഹുലിന്റെ അവകാശമാണെന്നും സിദ്ധു പ്രതികരിച്ചു.
ഈ പരാമർശത്തെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ എവിടെ പോയാലും രഹസ്യ കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് സിദ്ധു പറയുന്നത് എന്നും കോൺഗ്രസ് നേതാവ് ചൈനക്കാരുമായിട്ടാണോ ചർച്ച നടത്തുന്നത് എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് അടുത്തയാഴ്ച വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് കോൺഗ്രസ് നേതാവിനെക്കുറിച്ചുള്ള ചർച്ചകൾ കനക്കുന്നത്.
Comments