പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന പറച്ചിൽ ക്ലീഷെയാണെങ്കിലും ആ പഴമൊഴിയെ വീണ്ടുമോർപ്പിക്കുകയാണ് ലാസ് വേഗാസിലെ ഒരു സ്ത്രീ. കിറ്റെൻ കേയ് സേറയെന്ന സ്ത്രീയുടെ വിവാഹം സോഷ്യൽ മീഡിയ ഏറ്റെടുത്തതും അതുകൊണ്ടാണ്. തന്റെ പ്രണയവിവാഹ ദിവസം ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാൽ ഒറ്റദിവസം കൊണ്ട് വൈറലായിരിക്കുകയാണ് സേറ.
പിങ്ക് എന്ന നിറവുമായി നാൽപ്പത് വർഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് സേറയുടെ വിവാഹം. മരണം വരെ പിങ്ക് നിറത്തെ അണിയുമെന്ന് പ്രതിജ്ഞയെടുത്താണ് സേറ വിവാഹം കഴിച്ചത്. ഇതോടെ ലോകം കണ്ട അമ്പരപ്പിച്ച വിവാഹങ്ങളിൽ ചരിത്രം കുറിച്ചിരിക്കുകയാണ് സേറ. വർണാഭമായ വിവാഹ ചടങ്ങുകൾ ജനുവരി ഒന്നിനായിരുന്നു നടന്നത്.
രണ്ട് വർഷം മുമ്പായിരുന്നു പിങ്ക് നിറത്തെ വിവാഹം കഴിക്കാനുള്ള തീരുമാനം സേറ എടുക്കുന്നത്. ഒരു കുട്ടി കളിയാക്കിയപ്പോഴായിരുന്നു അങ്ങനെയൊരു ചിന്ത തനിക്ക് വന്നതെന്ന് സേറ പറയുന്നു. താങ്കൾക്ക് പിങ്ക് നിറത്തെ അത്ര ഇഷ്ടമാണെങ്കിൽ അങ്ങ് കെട്ടിക്കൂടെ എന്ന് ഒരു കുട്ടി കളിയാക്കി ചോദിച്ചതോടെ പിങ്കിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു സേറ.
”എന്റെ ജീവിതത്തിലെ ഏറ്റെവും നല്ല ദിനം. ഞാനെന്റെ പ്രണയത്തെ വിവാഹം കഴിച്ചു. എല്ലാവർക്കും നന്ദി” സേറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കല്യാണ ദിവസം അതിനോഹരിയായി ഒരുങ്ങിയ സേറയുടെ വസ്ത്രമെല്ലാം പിങ്ക് നിറമായിരുന്നു. പിങ്ക് നിറത്തിലുള്ള ഗൗൺ, കോട്ട്, ടിയാര എന്നിവയല്ലാം അവൾ അണിഞ്ഞു. മുടിയിഴകൾക്കും പിങ്ക് നിറം നൽകി. ആഭരണങ്ങളും ലിപ്സ്റ്റിക്കുമെല്ലാം പിങ്ക് നിറം തന്നെ.
വിവാഹദിനം ഒരുക്കുന്ന വെഡ്ഡിങ് കേക്കും, കപ്പ്‌കേക്കുകളും പിങ്ക് നിറത്തിൽ ഒരുക്കി. കയ്യിൽ വലുപ്പത്തിലുള്ള പിങ്ക് കാർഡ് പിടിച്ചാണ് സേറ വിവാഹിതയായ ശേഷം ഇടനാഴിയിലൂടെ നടന്നു വന്നത്. ആ കാർഡിൽ പിങ്ക് നിറത്തിന്റെ വ്യത്യസ്ത ഷെയ്ഡുകൾ ഉണ്ടായിരുന്നു.
വിവാഹത്തിനെത്തിയവരും പിങ്ക് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തറയിൽ പിങ്ക് പുഷ്പങ്ങൾ വിതറിയിട്ടിരുന്നു. വളരെ കുറച്ച് കാലം ഭൂമിയിൽ ജീവിക്കാൻ അവസരം കിട്ടിയ നാം ജീവിക്കുന്നിടത്തോളം കാലം ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത്, ഇഷ്ടമുള്ളവയെ കൂടെ കൂട്ടണമെന്ന് സേറ പറയുന്നു.















