ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടയായതിൽ കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സുരക്ഷാ ചുമതലയുണ്ടായിരുന്ന ബതിൻഡ എസ്എസ്പി അജയ് മലൂജക്കാണ് കേന്ദ്രത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്.
ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പ് സുരക്ഷാ വീഴ്ച സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അർച്ചന വർമയാണ് ബതിൻഡ എസ്എസ്പിക്ക് നോട്ടീസയച്ചത്. പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ യോഗങ്ങളിൽ സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ പാലിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ മതിയായ മറുപടി നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
അതേസമയം പ്രധാനമന്ത്രി നേരിട്ട സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കർഷക പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതോടെ ഹുസൈനിവാലയിലെ പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങുകയായിരുന്നു. പ്രധാനമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രധാന പ്രതിപക്ഷ പാർട്ടിയായ ശിരോമണി അകാലിദളും പ്രതികരിച്ചു.















