വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രം ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള ചിത്രത്തിലൂടെ സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് പറയുന്നത്. സിനിമ പുറത്തിറങ്ങി രണ്ട് ദിവസം കഴിയുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മേപ്പടിയാന്റെ അണിയറപ്രവർത്തകരെ പ്രശംസിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
സിനിമ കണ്ടതിന് ശേഷം തിയേറ്ററിൽ നിന്ന് കൊണ്ട് തന്നെ പ്രതികരിക്കുന്ന നടി അനുശ്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. താൻ കണ്ടതിൽ വെച്ച് മികച്ച ചിത്രങ്ങളിൽ ഒന്നാണ് മേപ്പടിയാൻ എന്നാണ് അനുശ്രീ പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ നമ്മൾ ഒരു പ്രശ്നത്തിൽ ചെന്ന് പെടുമ്പോൾ ആരൊക്കെയാണ് കൂടെയുണ്ടാകുകയെന്ന് ഈ സിനിമയിലൂടെ പറഞ്ഞുതരുന്നുണ്ടെന്ന് അനുശ്രീ പറഞ്ഞു. ചിത്രം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ഉണ്ണി മുകുന്ദനും, സംവിധായകൻ വിഷ്ണു മോഹനും അടുത്തറിയാവുന്നവരാണ്. ഉണ്ണി ചേട്ടന്റെ അടിപൊളി പടമാണ് ഇതെന്നും അനുശ്രീ പ്രതികരിച്ചു.
സിനിമ കണ്ടതിൽ നിന്നും രണ്ട് കാര്യങ്ങളാണ് വ്യക്തമായത് എന്നും നടി പറഞ്ഞു. ജീവിത്തിൽ ഒരിക്കലും നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്ന് സിനിമ കണ്ടപ്പോൾ മനസിലായി. എല്ലാവരും ഓരോ കാര്യങ്ങൾക്ക് വേണ്ടിയാകും നമ്മുടെ കൂടെ നിൽക്കുക. അതുപോലെ തന്നെ നോ പറയേണ്ട സ്ഥലത്ത് നമ്മൾ നോ പറയണം. ഇല്ലെങ്കിൽ അതിന്റെ പ്രശ്നങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും എന്ന സന്ദേശവും സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. വളരെ മികച്ച ചിത്രമാണെന്നും മേപ്പടിയാന്റെ അണിയറപ്രവർത്തകർക്ക് ആംശംസകൾ നേരുന്നതായും അനുശ്രീ വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമായ മേപ്പടിയാൻ ജനുവരി 14 നാണ് പുറത്തിറങ്ങിയത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് (യുഎംഎഫ്) ആണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. അഞ്ജു കുര്യൻ ആണ് നായിക. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാനിലൂടെ പറയുന്നത്.
https://fb.watch/az_qVaxiQw/
Comments