കൊല്ലം : കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി കിരണിന്റെ ഫോൺ റെക്കോർഡുകൾ പുറത്ത്. വിസ്മയയുടെ കുടുംബംസ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കാൻ ഭർത്താവ് കിരൺ തീരുമാനിച്ചിരുന്നു എന്നതിന് തെളിവ് ലഭിച്ചു. കിരണും ഇയാളുടെ സഹോദരീ ഭർത്താവ് മുകേഷും തമ്മിൽ നടന്ന ഫോൺ സംഭഷണമാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി.
കൊല്ലത്തെ വിചാരണ കോടതിയിൽ വിസ്മയയുടെ അമ്മയെ വിസ്തരിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിർണായക തെളിവ് ഹാജരാക്കിയത്. സ്ത്രീധനത്തിന്റെ പേരിൽ തനിക്കെതിരെ വിസ്മയയുടെ കുടുംബം ആരോപണം ഉന്നയിക്കുകയോ പരാതി നൽകുകയോ ചെയ്താൽ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് അടിച്ചിറക്കാമെന്നാണ് പ്രതി പറഞ്ഞത്. വിസ്മയയുടെ വീട്ടിൽ വെച്ച് താൻ അവളെ മർദ്ദിച്ചു എന്ന കാര്യവും ഫോണിൽ വെളിപ്പെടുത്തുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ ഭാര്യയെ പീഡിപ്പിച്ചു എന്ന വാദത്തിനാണ് ഇപ്പോൾ കൂടുതൽ തെളിവുകൾ ലഭിച്ചിരിക്കുന്നത്. കിരണിന്റെ ഫോണിലെ സംഭാഷണങ്ങൾ എല്ലാം തന്നെ ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം കിരൺ അറിഞ്ഞില്ല.
അതേസമയം സ്ത്രീധനം നൽകിയാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് കിരണിന്റെ അച്ഛൻ പറഞ്ഞതായി വിസ്മയയുടെ അമ്മ സജിത മൊഴി നൽകി. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കുഴപ്പമില്ലായിരുന്നു. സ്വർണം ലോക്കറിൽ വെക്കാൻ പോയപ്പോൾ പറഞ്ഞ അളവിൽ ഇല്ലെന്ന് പറഞ്ഞാണ് ഉപദ്രവം തുടങ്ങിയത്. വിസ്മയയുടെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്നപ്പോഴാണ് പീഡനം അനുഭവിക്കുന്നതിന്റെ കാര്യം വിസ്മയ പറഞ്ഞത് എന്ന് അമ്മ വെളിപ്പെടുത്തി. സ്വന്തം ഫോണിൽ റെക്കോർഡായ സംഭാഷണങ്ങളും കിരണിന്റെ ബന്ധുക്കളുടെ ശബ്ദവും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.
Comments