കോഴിക്കോട് : പുതിയ ചിത്രം 1921 പുഴ മുതൽ പുഴവരെ മൊഴി മാറ്റി ഇറക്കുമെന്ന് സംവിധായകൻ അലി അക്ബർ. ഇന്നലെ സിനിമയുടെ പ്രിവ്യൂ ഷോ കോഴിക്കോട് നടന്നിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ ഇന്ത്യയിൽ മുഴുവനും റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദിയിലേക്ക് ചിത്രം മൊഴിമാറ്റി ഇറക്കും. കൊറോണ ഭീഷണി ഒഴിഞ്ഞാൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു മതം സ്വീകരിച്ച് പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും, സിനിമയുടെ രജിസ്ട്രേഷനിലുമെല്ലാം അലി അക്ബർ എന്ന പേരാണ് ഉള്ളത്. അതുകൊണ്ടാണ് നിർമ്മാതാവിന്റെ പേര് അലി അക്ബർ എന്ന് തന്നെ നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ചിത്രത്തിന്റെ സംവിധായകന്റെ പേര് രാമസിംഹൻ എന്നും, നിർമ്മാതാവിന്റെ പേര് അലി അക്ബർ എന്നും നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്.
സ്വന്തം പേര് മാറ്റിയെന്ന കരുതി പിതാവിന്റെ പേര് മാറ്റുന്നില്ല. രാമസിംഹൻ അബൂബക്കർ എന്നായിരിക്കും മുഴുവൻ പേര്. പൂർണമായും ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞു. വിധി പ്രകാരമാണ് ഹിന്ദു മതം സ്വീകരിച്ചത്. ഭാര്യയും ഹിന്ദു ധർമ്മത്തിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments