മുംബൈ:ഐപിഎൽ പതിനഞ്ചാം സീസണിന് മുൻപായുള്ള താരലേലത്തിനുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്ത് വിട്ടു. 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമടക്കം 590 താരങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 355 കളിക്കാരും അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മലയാളി താരമായ എസ് ശ്രീശാന്ത് ലേലപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 50 ലക്ഷമാണ് ശ്രീശാന്തിന് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ശ്രീശാന്തിനെ കൂടാതെ സച്ചിൻ ബേബി,റോബിൻ ഔത്തപ്പ, ബേസിൽ തമ്പി എന്നിവരടക്കം പതിമൂന്ന് മലയാളി താരങ്ങളും പട്ടികയിൽ ഇടം നേടി.
ശിഖാർ ധവാൻ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, ശ്രേയസ് അയ്യർ,യുസ്വെന്ദ്ര ചഹാൽ, ഷാർദുൽ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രധാന ഇന്ത്യൻ താരങ്ങൾ.ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലെസിസ്, കഗിസോ റബാഡ, പാറ്റ് കമ്മിൻസ്, ട്രെൻഡ് ബോൾട്ട്, ജോണി ബെയര്‍സ്റ്റോ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രമുഖ വിദേശതാരങ്ങൾ.
48 താരങ്ങൾ അടിസ്ഥാന വില 2 കോടിയായി നിശ്ചയിച്ചപ്പോൾ 20 താരങ്ങൾ അടിസ്ഥാന വില ഒന്നരകോടി രൂപയായി നിശ്ചയിച്ചു. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്. ബെംഗളൂരുവിൽ ഫെബ്രുവരി 12, 13 തിയതികളിലായാണ് ലേലം നടക്കുക. പത്ത് ഐപിഎൽ ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്.
Comments