വിഷ്ണു മോഹൻ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാൻ ദുബായി എക്‌സ്‌പോ 2020യിൽ പ്രദർശിപ്പിച്ചു. ഇന്ത്യ പവിലിയനിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു മലയാള സിനിമ എക്‌സോപിയിലെ ഇന്ത്യ പവിലിയനിൽ പ്രദർശിപ്പിക്കുന്നത്. എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ സിനിമ മലയാളമായതിൽ അഭിമാനിക്കുന്നുവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ ”വർഷങ്ങളായി മലയാളത്തിൽ എത്രയോ നല്ല നല്ല സിനിമകൾ വന്നിട്ടും നമ്മുടെ സിനിമയ്‌ക്ക് ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചതിൽ സന്തോഷവും അഭിമാനവും ഉള്ളിൽ ചെറിയൊരു അഹങ്കാരവുമെല്ലാമുണ്ട്. കേരളത്തിൽ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത്. ഗൾഫിലും അതേ അഭിപ്രായമാണ് ലഭിച്ചത്. നല്ലൊരു സിനിമയ്‌ക്ക് ഇത്തരത്തിൽ അംഗീകാരം നൽകിയതിൽ എല്ലാവരോടും നന്ദി അറിയിക്കുന്നു’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ദുബായ് എക്‌സ്‌പോ പോലുള്ള ലോക വേദയിൽ സിനിമ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വലിയ ഊർജ്ജം പകരുന്നുവെന്ന് സംവിധായകൻ വിഷ്ണു മോഹൻ പറഞ്ഞു. എക്‌സ്‌പോ സംഘാടകർക്ക് വിഷ്ണു മോഹൻ നന്ദി അറിയിക്കുകയും ചെയ്തു. പ്രവാസി വ്യവസായിയായ മലയാളി സജീവ് പുരുഷോത്തമനാണ് മേപ്പടിയാൻ സിനിമ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയത്.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. നടൻ ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ച് ‘മേപ്പടിയാൻ’ ഇപ്പോഴും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്തത്. മേപ്പടിയാന്റെ നിർമ്മാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്.















