ലോകത്ത് 50,000 സ്ത്രീകളിൽ ഒരാൾക്ക് പിടിപെടാവുന്ന അപൂർവരോഗത്തെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തീർത്തും നിർഭാഗ്യകരവും അത്യപൂർവ്വവുമായ ഈ രോഗത്തിന്റെ പിടിയിലായ അമ്മ തന്റെ ദുരനുഭവം വെളിപ്പെടുത്തുകയാണ്.
പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന അവസ്ഥയാണിത്. താൻ പ്രസവിച്ച കുഞ്ഞ് തനിക്ക് അലർജിയുണ്ടാക്കുന്നുവെന്നതാണ് രോഗം. സ്വന്തം കുഞ്ഞ് അലർജിയായതോടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ചുവന്ന് തടിക്കാനും ചൊറിഞ്ഞ് പൊട്ടാനും തുടങ്ങി. ഫിയോണ ഹൂക്കർ എന്ന 32കാരിയാണ് തന്റെ രോഗത്തെക്കുറിച്ച് വിശദമാക്കിയത്. ഇംഗ്ലണ്ടിലെ ഹാംസ്ഫയറാണ് ഫിയോണയുടെ സ്വദേശം.
31 ആഴ്ച ഗർഭിണിയായിരുന്നപ്പോഴാണ് ഫിയോണയ്‌ക്ക് ആദ്യമായി അലർജി അനുഭവപ്പെട്ടത്. തന്റെ വയറ്റിൽ ചൊറിച്ചിൽ ഉണ്ടാകാൻ തുടങ്ങി. ഗർഭകാലം കഴിയുന്തോറും ഈ അലർജി കൂടി വന്നു. പ്രസവിച്ച ശേഷവും ചൊറിച്ചിൽ ഉണ്ടായി. 50,000 സ്ത്രീകളിൽ ഒരാൾക്ക് ബാധിച്ചേക്കാവുന്ന ഈ അപൂർവ രോഗത്തിന്റെ പേര് പെംഫിഗോയിഡ് ഗസ്റ്റേനിസ് എന്നാണ്. ഒരു ആൺകുഞ്ഞിനാണ് ഫിയോണ ജന്മം നൽകിയത്. മകന്റെ ശരീരത്തിലെ ഡിഎൻഎയിലെ ജീനാണ് ഫിയോണയ്‌ക്ക് അലർജിയാകുന്നത്.
ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചതോടെ ഫിയോണയ്‌ക്ക് താൽകാലിക ആശ്വാസത്തിനായി മരുന്ന് നിർദേശിച്ചു. ഡോക്ടർ നിർദേശിച്ച പ്രകാരം ഒരു സ്റ്റിറോയിഡ് ക്രീം ഉപയോഗിച്ചാണ് ഫിയോണ അലർജിയിൽ നിന്ന് ആശ്വാസം കണ്ടെത്തിയത്.
അലർജി നിയന്ത്രണ വിധേയമാക്കാൻ ഫിയോണ പിന്നീട് ശക്തമായ അളവിൽ ഓറൽ സ്റ്റിറോയിഡുകളും ക്രീമും ഉപയോഗിക്കാൻ തുടങ്ങി. ഒടുവിൽ പ്രസവിച്ച് ആറ് മാസങ്ങൾക്കപ്പുറം അലർജികൾ കുറയാൻ ആരംഭിച്ചു. സ്റ്റിറോയിഡുകളുടെ നിരന്തരമായ ഉപയോഗമാണ് ഇതിന് സഹായിച്ചത്. രോഗത്തിന് ഇതൊരു ശാശ്വത പരിഹാരമല്ലെങ്കിലും തൽകാലം ക്രീമുകളുടെ സഹായത്തോടെ ആശ്വാസം കണ്ടെത്തുകയാണ് ഫിയോണ.














