കോഴിക്കോട് :ഹിജാബ് വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കോൺഗ്രസ്സ് എം പി കെ മുരളീധരൻ . ഗവർണ്ണർക്ക് ആർ എസ് എസ് ശൈലിയാണെന്നും , ആർ എസ് എസ് രീതിയിലേക്ക് ഗവർണ്ണർ മാറിയെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു .
കേന്ദ്രം നൽകുന്ന സ്ഥാനമാനങ്ങൾക്കായാണ് ഗവർണ്ണർ ഈ നിലപാട് സ്വീകരിക്കുന്നതെന്നും ,
സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനയാണ് ഗവർണ്ണർ നടത്തിയതെന്നും മുരളീധരൻ വിമർശിച്ചു .
ഗവർണ്ണർ ഇത്തരത്തിൽ തരം താഴാൻ പാടില്ല. ഈ ശൈലി തുടർന്നാൽ യുഡിഎഫിന് പ്രക്ഷോഭത്തിലേക്ക് പോകേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.
ഗവർണ്ണർക്കെതിരെ ലീഗ് നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം . ഗവർണ്ണർ മുൻപും ശരീയത്ത് നിയമങ്ങൾക്കെതിരെ നിലപാടെടുത്തിട്ടുണ്ടെന്നായിരുന്നു ഗവർണ്ണർക്കെതിരെ സാദിഖലി ശിഹാബ് തങ്ങളുടെ വിമർശനം.
മുസ്ലിം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്നും മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണ് ഹിജാബ് വിവാദമെന്നും ,ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് നിർബന്ധമല്ലെന്നുമായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടത് .പ്രവാചകന്റെ കാലത്ത് തന്നെ സ്ത്രീകൾ ഹിജാബിനെ എതിർത്തിരുന്നുവെന്നും ,ഇസ്ലാം ചരിത്രത്തിൽ സ്ത്രീകൾ പോലും ഹിജാബിന് എതിരായിരുന്നുവെന്നും ഗവർണ്ണർ ചൂണ്ടിക്കാട്ടിയിരുന്നു .
മുത്തലാക്ക് വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിലും കോൺഗ്രസ്സ് നേതാക്കൾ ഗവർണ്ണർക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു
Comments