ആലപ്പുഴ:തീരദേശത്ത് അപ്രഖ്യാപിത വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ മത്സ്യത്തൊഴിലാളികൾ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ നാട്ടുകാരാണ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. വൈദ്യുതി മുടങ്ങിയതോടെ നാട്ടുകാർ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോണെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. തുടർന്നാണ് നാട്ടുകാർ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതോടെയാണ് ഇവർ ഉപരോധം അവസാനിപ്പിച്ചത്. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയ സ്ഥലത്താണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്
സംസ്ഥാനത്ത് കനത്ത ചൂടാണ് ഓരോ ദിവസവും. ഇതിനിടയിൽ അപ്രഖ്യാപിതമായി വൈദ്യുതി മുടക്കുന്ന കെഎസ്ഇബിക്ക് എതിരെ സംസ്ഥാനത്ത് വലിയ ജനരോഷമാണുള്ളത്. ഏറെ നേരം കഴിഞ്ഞിട്ടും കറന്റ് വരാത്തതിനെ തുടർന്ന് വിളിക്കുമ്പോൾ ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. പിന്നാലെയാണ് ജനങ്ങൾ പ്രതിഷേധവുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തുന്നത്. കെഎസ്ഇബി ഓഫീസിൽ കിടന്നുറങ്ങുന്ന യുവാക്കളുടെ വീഡിയോ ഉൾപ്പെടെ കഴിഞ്ഞ ദിവസം വൈറലായിരുന്നു.