മസ്ക്കറ്റ്: കൊറോണ പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ വാക്സിനേഷൻ ക്യാമ്പുമായി മസ്ക്കറ്റ് ആരോഗ്യമന്ത്രാലയം. മസ്ക്കറ്റ് ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി ഫെബ്രുവരി 24 വരെ വാക്സിൻ ലഭ്യമാകും. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ നിരവധി പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം മാൾ ഓഫ് മസ്ക്കറ്റിന് സമീപം നടന്ന ക്യാമ്പിൽ നിരവധി പേർ വാക്സിനെടുക്കാനെത്തി. കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മസ്ക്കറ്റിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പിന് തുടക്കമിട്ടത്. ഉച്ചക്ക് രണ്ടുമണി മുതൽ വൈകീട്ട് നാലുമണിവരെയായിരുന്നു ഇവിടെനിന്ന് വാക്സിൻ നൽകിയിരുന്നത്. തുടർന്നും ഇവിടെ നിന്ന് ഇതേ സമയത്ത് വാക്സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.
സീബ് സിറ്റി സെന്ററിന് സമീപം അൽ മകാൻ കഫെ പാർക്കിങ്ങിൽ ഫെബ്രുവരി 15, 16 തീയതികളിൽ വൈകീട്ട് നാലുമുതൽ രാത്രി എട്ട് വരെ വാക്സിനേഷൻ യൂണിറ്റ് പ്രവർത്തിക്കും. 17 മുതൽ 20 വരെ ബൗശർ വിലായത്തിൽ മിനിസ്ട്രീസ് സ്ട്രീറ്റിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒരുമണിവരെ വാക്സിൻ നൽകും. ഫെബ്രുവരി 21, 22 തീയതികളിൽ മത്ര ഹെൽത്ത് സെന്റർ പാർക്കിങ്ങിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒരുമണിവരെയും മൊബൈൽ വാക്സിനേഷൻ യൂണിറ്റ് പ്രവർത്തിക്കും. ഫെബ്രുവരി 23, 24 തീയതികളിൽ സുൽത്താൻ സെന്റർ പാർക്കിങ്ങിൽ വൈകീട്ട് നാലുമുതൽ രാത്രി ഒമ്പത് വരെയും വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments