തൃശ്ശൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ച വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെയോടെയായിരുന്നു യുവതിയെ അവശനിലയിൽ കണ്ടത്. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി.
കഴിഞ്ഞ ദിവസമാണ് ശോഭാ സുബിനെതിരെ വനിതാ നേതാവ് പരാതി നൽകിയത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രവർത്തകർ യുവതിയെ സമീപിച്ചെങ്കിലും പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിൽ ആയിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വനിതാ നേതാവിനെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായ സൈബർ ആക്രമണം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യൂവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് രൂപീകരിച്ച ടെലിഗ്രാം ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ടും പുറത്തുവിട്ടിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മോർഫ് ചെയ്ത ദൃശ്യങ്ങൾ പാർട്ടിയുടെതടക്കമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ശോഭാ സുബിനെതിരെ യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തിരുന്നു. ശോഭാ സുബിന് പുറമേ യൂത്ത് കോൺഗ്രസ് നേതാക്കളായ സുമേഷ് പാനാട്ടിൽ, അഫ്‌സൽ എന്നിവർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.















