കൊൽക്കത്ത: വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യർ നയിക്കും. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ സജീവമായിരുന്നെങ്കിലും ഇന്നാണ് നൈറ്റ് റൈഡേഴ്സ് ഇക്കാര്യം സ്ഥിരീകരിച്ചത്. 12.25 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയിരുന്നത്.
നൈറ്റ് റൈഡേഴ്സിനെപ്പോലെ ഒരു മുൻനിര ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ശ്രേയസ് അയ്യർ പ്രതികരിച്ചു. തനിക്ക് ഈ അവസരം നൽകിയതിൽ ടീം ഉടമകളോടും മാനേജ്മെന്റിനോടും സപ്പോർട്ട് സ്റ്റാഫിനോടും നന്ദി പറയുന്നു. കൂട്ടായ പ്രവർത്തനത്തിലൂടെ ടീമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ശ്രേയസ് അയ്യർ പറഞ്ഞു.
നിരവധി പ്രതിഭകൾ ഉളള വലിയ സംഘമാണ് നൈറ്റ് റൈഡേഴ്സിലെന്നും അവരെ നയിക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ഇന്ത്യയുടെ മികച്ച ഭാവി താരങ്ങളിൽ ഒരാളെ ടീമിൽ കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൊൽക്കത്തയുടെ മുഖ്യപരിശീലകൻ ബ്രെൻഡൻ മക്കെല്ലം പറഞ്ഞു. നേരത്തെ ഡൽഹി ക്യാപ്പിറ്റൽസിലായിരുന്നു ശ്രേയസ് അയ്യർ.
Comments