ന്യൂയോർക്ക്: ന്യൂട്ടന്റെ ആപ്പിൾ മരം നിലംപൊത്തി. ക്രേംബ്രിഡ്ജ് സർവ്വകലാശാലയിലെ ബൊട്ടാണിക്കൽ ഗാർണനിലുണ്ടായിരുന്ന ന്യൂട്ടന്റെ ആപ്പിൾ മരമാണ് യൂനിസ് കൊടുങ്കാറ്റിൽ നിലംപൊത്തിയത്. ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണ ബലം കണ്ടുപിടിക്കാൻ നിമിത്തമായ യഥാർത്ഥ ആപ്പിൾ മരത്തിന്റെ ജനിതക പകർപ്പാണിത്. 1954ലാണ് ഈ മരം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ നട്ടുപിടിപ്പിച്ചത്. ഹണി ഫംഗസ് ബാധമൂലം മരം നാശത്തിന്റെ വക്കിലായിരുന്നു. എങ്കിലും ബൊട്ടാണിക്കൽ ഗാർഡനിലെ പ്രധാന ആകർഷണമായിരുന്നു ഈ മരം. ദിവസവും നിരവധി പേരാണ് ഐസക് ന്യൂട്ടന്റെ ആപ്പിൾ മരം കാണാനായി ഇവിടേയ്‌ക്ക് എത്തിയിരുന്നത്.
ലിങ്കൺ ഷെയറിൽ വൂൾസ്‌ത്രോപ് മാനറിലെ ന്യൂട്ടന്റെ വീടിന് മുന്നിലായിരുന്നു യഥാർത്ഥ ആപ്പിൾ മരം ഉണ്ടായിരുന്നത്. ഇതിൽ നിന്നും ക്ലോൺ ചെയ്‌തെടുത്ത മൂന്ന് മരങ്ങൾ ഉണ്ടായിരുന്നു. അതിൽ ഒന്നാണ് ഇപ്പോൾ നിലം പതിച്ചത്. ബാക്കി രണ്ട് മരത്തിൽ നിന്നും കൂടുതൽ ക്ലോണുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ബൊട്ടാണിക്കൽ ഗാർഡനിലെ അധികൃതർ. മണിക്കൂറിൽ നൂറു മൈലിലേറെ വേഗതയുള്ള കൊടുങ്കാറ്റാണ് മധ്യ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കഴിഞ്ഞദിവസം വീശിയടിച്ചത്. ഈ കൊടുങ്കാറ്റിലാണ് ആ മരം വീണത്.
ഇനി ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിരുന്നോ? അതിന് പിന്നിലും ഒരു കഥയുണ്ട്. കൊറോണ മഹാമാരി ലോകമെങ്ങും പടർന്ന് പിടിച്ച് കഴിഞ്ഞു. ലോകത്ത് ഇതാദ്യമായല്ല ഒരു മഹാമാരി ഇങ്ങനെ പടർന്നു പിടിക്കുന്നത്. മുൻപും പല തരത്തിലുള്ള വൈറസുകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു മഹാമരിയ്‌ക്ക് നമ്മുടെ ശാസ്ത്രജ്ഞൻ ഐസക് ന്യൂട്ടനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ലണ്ടനിൽ പ്ലേഗ് വലിയ തരത്തിൽ പടർന്നു പിടിച്ച കാലത്ത് ന്യൂട്ടന് 20 വയസ്സായിരുന്നു. ഈ കാലയളവിലാണ് ന്യൂട്ടൺ ഗുരുത്വാകർഷണത്തിന്റേയും ചലനത്തിന്റേയും അടക്കമുള്ള നിയമങ്ങൾ കണ്ടുപിടിച്ചത്. പ്ലേഗ് പടർന്നു പിടിച്ച സമയത്ത് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ പഠിച്ചുകൊണ്ടിരുന്ന ന്യൂട്ടനേയും വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.
എന്നാൽ വീട്ടിലിരുന്നും പഠനം തുടരുകയായിരുന്നു ന്യൂട്ടൺ, ഒരു വർഷക്കാലമാണ് ന്യൂട്ടൺ വീട്ടിൽ തുടർന്നത്. വീട്ടിൽ ചെലവഴിച്ച ഈ വർഷം അത്ഭുതങ്ങളുടെ വർഷം എന്നാണ് ന്യൂട്ടൻ വിശേഷിപ്പിച്ചത്. 1666ലായിരുന്നു ഇത്. ഒരു ദിവസം വീട്ടിലെ കിടപ്പു മുറിയിൽ വിശ്രമിക്കുകയായിരുന്ന അദ്ദേഹം ഒരുപാട് ജനാലയിലൂടെ പ്രകാശം വരുന്നത് കണ്ടു. അപ്പോഴാണ് കയ്യിലുണ്ടായിരുന്ന പ്രിസം ഉപയോഗിച്ച് സൂര്യപ്രകാശത്തെ നിരീക്ഷപ്പോൾ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു ചെറിയ ബീം മാത്രമേ കടന്നു പോകുന്നുള്ളൂ എന്ന് അദ്ദേഹം കണ്ടെത്തി. ഇതിൽ നിന്നും ഒപ്റ്റിക്‌സിനെ കുറിച്ചുള്ള സിദ്ധാന്തങ്ങൾ അദ്ദേഹം കണ്ടെത്തി.
ഇതുപോലെ തന്നെ അദ്ദേഹത്തിന് വീട്ടിന് പുറത്ത് ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം വീട്ടിന് പുറത്തേയ്‌ക്ക് നോക്കുമ്പോഴാണ് അതിൽ നിന്നും ഒരു ആപ്പിൾ താഴെ വീഴുന്നത് കാണുന്നത്. അപ്പിൾ ന്യൂട്ടന്റെ തലയിലാണ് വീണതെന്ന വാദവും നിലവിലുണ്ട്. ഐസക് ന്യൂട്ടന്റെ ജീവചരിത്രകാരനും പുരാവസ്തു ഗവേഷകനുമായ വില്യം സ്റ്റുക്കിലി ന്യൂട്ടൻ തന്നെ തന്നോട് ഈ കഥ പറഞ്ഞിട്ടുള്ളതായി ‘മെമ്മയേഴ്‌സ് ഓഫ് സർ ഐസക് ന്യൂട്ടൻസ് ലൈഫ്’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
എന്തുകൊണ്ടാണ് ആപ്പിൾ മുകളിലേയ്‌ക്ക് പോകാതെ താഴേയ്‌ക്ക് പോയത്? ന്യൂട്ടൻ ചിന്തിച്ചു. അതിൽ നിന്നാണ് ലോകത്തെ മാറ്റിമറിച്ച ഗുരുത്വാകർഷണത്തിന്റെയും ചലനത്തിന്റെയും സിദ്ധാന്തങ്ങൾ അദ്ദേഹം തിരിച്ചറിഞ്ഞത്. 1816 ലെ കൊടുങ്കാറ്റിൽ ഈ ആപ്പിൾ മരവും നിലം പതിച്ചു.
Comments