മോസ്‌കോ: നാസി നേതാവ് അഡോൾഫ് ഹിറ്റ്ലർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് തന്റെ ‘അംഗീകാരം’ വാഗ്ദാനം ചെയ്യുന്ന കാരിക്കേച്ചർ ലോകശ്രദ്ധയാകർഷിക്കുന്നു. യുക്രേനിയൻ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് കാർട്ടൂൺ പങ്കിട്ടത്. ‘ഇതൊരു ‘മീം’ അല്ല, മറിച്ച് ഞങ്ങളുടെയും നിങ്ങളുടെയും യാഥാർത്ഥ്യമാണ്,’ യുക്രെയ്ൻ തുടർന്ന് എഴുതി.
റഷ്യൻ അധിനിവേശത്തിന് മുന്നോടിയായി യുക്രേനിയൻ പ്രതിഷേധങ്ങളിൽ ഹിറ്റ്‌ലറെയും പുടിനെയും താരതമ്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. അതിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കറായ നാൻസി പെലോസി റഷ്യയുടെ നടപടി ‘അങ്ങേയറ്റം ഭയാനകമായ’ ആക്രമണമാണെന്ന് വിലയിരുത്തിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. യുക്രെയ്‌നിലെ രണ്ട് വിമത പ്രദേശങ്ങൾക്ക് റഷ്യ അംഗീകാരം നൽകിയതിനെ ഹിറ്റ്‌ലർ 1938ൽ സുഡെറ്റെൻലാൻഡ് പിടിച്ചടക്കിയതുമായി ബന്ധപ്പെടുത്തിയതും ശ്രദ്ധേയമാണ്.
കാരിക്കേച്ചർ വ്യാഴാഴ്ച രാവിലെ ഷെയർ ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് 3.55 ലക്ഷത്തിലധികം ലൈക്കുകളും 91,000-ലധികം റീട്വീറ്റുകളും ലഭിച്ചു. ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ഉപയോക്താക്കളിൽ ഒരാൾ എഴുതി, ‘ഇത് തടയാൻ പടിഞ്ഞാറിന് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ. മറ്റൊരാൾ എഴുതിയ് ഇങ്ങനെയാണ് ‘ ‘ഇത് ശരിക്കും ചരിത്ര പുസ്തകങ്ങളിൽ ഉണ്ടാകും. ‘വിരോധാഭാസം എന്തെന്നാൽ, സോവിയറ്റ് യൂണിയൻ, റഷ്യ നാസി ആക്രമണത്തെ ചെറുക്കുകയും ഹിറ്റ്ലറെ പരാജയപ്പെടുത്തുകയും യൂറോപ്പിനെ രക്ഷിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു ട്വീറ്റ്.
യുക്രെയ്‌നിൽ സൈനിക നടപടിക്ക് റഷ്യ ഉത്തരവിട്ടത് വ്യാഴാഴ്ച രാത്രിയാണ്. യുക്രെയ്‌നിന്റെ തലസ്ഥാനനഗരമായ കീവ് ഉൾപ്പെടെ രാജ്യത്തെ പല നഗരങ്ങളിലും ഒന്നിലധികം സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റ് നഗരങ്ങളായ ബില സെർക്വ, ചെർനിഹിവ്, സൈറ്റോമിർ, ക്രോപ്പിവ്നിറ്റ്സ്‌കി എന്നിവിടങ്ങളിലും റഷ്യൻ സൈന്യത്തിന്റെ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജർമ്മനിയുടെ ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ തുടങ്ങിയ ലോക നേതാക്കൾ പ്രശ്‌നത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാൻ റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു.
Comments