തിരുവനന്തപുരം: സിനിമാ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ പരിഹരിക്കാൻ വനിത ശിശുവികസന വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്. മാർഗ നിർദ്ദേശങ്ങളുടെ കരട് രൂപം സാസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും.
സിനിമയിലെ പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രോാഡക്ഷൻ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാർഗ നിർദ്ദേശമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വനിതാ ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോർപ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലേബർ കോഡ് നിർദ്ദേശങ്ങൾ വനിതാ സിനിമാ പ്രവർത്തകരെ എങ്ങനെ ബാധിക്കും എന്നതായിരുന്നു ശില്പശാലയുടെ വിഷയം.
ക്യാമറയ്‌ക്ക് മുന്നിലാണെങ്കിലും പുറകിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്നത് ശാക്തീകരണത്തിൽ പ്രധാനമാണ്. അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോ സ്ത്രീയ്‌ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാകണം. സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.















