കീവ് : റഷ്യൻ സൈന്യം ആക്രമിച്ചടുക്കുമ്പോൾ യുക്രെയ്നെ സഹായിക്കാൻ ഒരു രാജ്യവും തയ്യാറാകാതെ വന്നതോടെ സ്വന്തം മണ്ണിനായി അവിടുത്തെ ജനങ്ങൾ തന്നെ നിരത്തിലിറങ്ങിയിരിക്കുകയാണ്. യന്ത്രത്തോക്കുകളും ആയുധങ്ങളും കൈയ്യിലേന്തിക്കൊണ്ട് ശത്രുവിന് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ല എന്ന ഉറപ്പോടെയാണ് ഇവർ പ്രത്യാക്രമണം നടത്തുന്നത്. രാജ്യത്തെ 18 മുതൽ 60 വയസ് വരെ പ്രായമുള്ളവരാണ് പ്രതിരോധത്തിന് സജ്ജമായിരിക്കുന്നത്. എന്നാൽ സ്വന്തം പേരകുഞ്ഞുങ്ങളെ രക്ഷിക്കാൻ യുദ്ധത്തിന് തയ്യാറായെത്തിയ ഒരു 80 കാരന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
യുദ്ധത്തിന് തയ്യാറായി ലിസ്റ്റിൽ പേര് ചേർക്കാൻ എത്തിയതായിരുന്നു ആ വയോധികൻ. തന്റെ പേരക്കുഞ്ഞുങ്ങൾ ജീവിക്കണം. അതിന് വേണ്ടിയാണ് താൻ തോക്കെടുക്കുന്നത്. എല്ലാത്തിനും സജ്ജമായി എത്തിയ ആ വയോധികൻ പറഞ്ഞു. യുക്രെയ്നിന്റെ നേരത്തെയുളള പ്രഥമ വനിതയായ കാതറീന യുസ്ചെൻകോ ആണ് ഈ ചിത്രം പങ്കുവെച്ചത്.
ഒരു പെട്ടിയിൽ രണ്ട് ടീ ഷർട്ടും. ഒരു പാന്റ്സും, ബ്രഷും, സാന്റ് വിച്ചും അദ്ദേഹം കരുതിയിരുന്നു. എന്നാൽ ഈ ചിത്രം ആരാണ് പകർത്തിയത് എന്നോ ചിത്രത്തിലുള്ള ആളെ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. യുദ്ധത്തിന്റെ എല്ലാ ക്രൂരതയും തുറന്ന് കാണിക്കുന്ന ചിത്രത്തിന് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Comments