മോസ്കോ: യുക്രെയ്നിൽ യുദ്ധത്തിനിറങ്ങിത്തിരിച്ചിരിക്കുന്ന റഷ്യൻ ഫെഡറേഷന്റെ പ്രത്യേക സംഘത്തിന് നന്ദി അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യൻ സേനയുടെ കുറ്റമറ്റ സേവനത്തിന് നന്ദി അറിയിക്കുന്നതായി വ്ളാഡിമിർ പുടിൻ പറഞ്ഞു. വ്യാഴാഴ്ചയാണ് യുക്രെയ്നിലേക്ക് സൈനിക നീക്കത്തിന് വ്ളാഡിമിർ പുടിൻ അനുമതി നൽകിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യൻ രാജ്യത്തിന് നേരെ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാണിത്.
റഷ്യൻ സൈന്യം രണ്ട് യുക്രെയ്ൻ നഗരങ്ങൾ പിടിച്ചെടുത്തതായാണ് വിവരം. നോവ, കഖോവ റഷ്യ പിടിച്ചെടുത്തുവെന്ന് യുക്രെയ്ൻ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. കർകീവ്, സുമി എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഒഡേസയിൽ ഡ്രോൺ ആക്രമണവും സൈന്യം നടത്തുന്നുണ്ട്. കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയൻ സൈന്യവും സാധാരണക്കാരും റഷ്യയ്ക്കെതിരെ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ജനങ്ങളോട് ബങ്കറിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
റഷ്യയ്ക്കെതിരെ യുക്രെയ്ൻ സൈബർ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വ്ളാഡിമിർ പുടിന്റെ ഔദ്യോഗിക വെബ് സൈറ്റ് അടക്കം ഹാക്ക് ചെയ്തിട്ടുണ്ട്. ഐടി സൈന്യത്തെ യുക്രെയൻ സൈന്യം വിന്യസിച്ചതിന് പിന്നാലെയാണ് പുടിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തത്. റഷ്യയ്ക്കെതിരെ പ്രവർത്തിക്കാർ സൈബർ ഹാക്കർമാരുടെ സഹായവും യുക്രെയ്ൻ തേടിയിരുന്നു. ജനം നിർഭയരായി രാജ്യത്തെ കാക്കുന്ന കാഴ്ച്ചയാണ് യുക്രെയ്നിൽ നിന്നും കാണാനാവുക.
Comments