തൃശ്ശൂർ : സ്കൂൾ ഓഫ് ഡ്രാമയിൽ അദ്ധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാർത്ഥിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ കളക്ടീവ്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും സംഘടന പറഞ്ഞു.
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലെ സ്ക്കൂൾ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടാനായി പെൺകുട്ടികൾ മുൻകൈയെടുത്ത് നടത്തിയ സമരം ഏറെ ഗൗരവപ്പെട്ടതായി കരുതുന്നു. കലാ വിദ്യാഭ്യസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തിന്ന പെൺകുട്ടികളുടെ എണ്ണം പൊതുവിൽ വളരെ കുറവാണ്. പ്രതിബന്ധങ്ങളെയൊക്കെ തട്ടിമാറ്റി നാടകം പഠിക്കാനെത്തിയ പെൺകുട്ടി അദ്ധ്യാപകന്റെ ലൈംഗിക ആക്രമണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിഷയമാണെന്ന് സംഘടന ഫേസ്ബുക്കിൽ കുറിച്ചു.
കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയ്റ്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടി കാണിക്കുന്നതാണ് ഈ സംഭവം. സർഗാത്മക ഇടങ്ങൾ സ്ത്രീകളുടെതു കൂടിയാണ്. കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരുന്നതിനായി അവരുടെ സുരക്ഷയും നീതിയും ഉറപ്പ് വരുത്തേണ്ടത് കലാ സ്ഥാപനങ്ങളുടെയും ഗവണ്മെന്റ് സംവിധാനത്തിന്റെയും ചുമതലയാണെന്നും സംഘടന പറഞ്ഞു.
അതേസമയം വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് പീഡന പരാതി ഉയർന്ന അദ്ധ്യാപകൻ ഡോ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അദ്ധ്യാപകനെതിരെ നടപടി എടുക്കുന്നതുവരെ പഠിപ്പ് മുടക്കി സമരം ചെയ്യുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കാലിക്കറ്റ് സർവ്വകലാശാല വിസിയാണ് സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്.















