കൊച്ചി: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ എത്തുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലാണ് സുരോഷ് ഗോപി പോലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി പോലീസ് യൂണിഫോമിൽ നിൽക്കുന്ന പാപ്പന്റെ രണ്ടാമത്തെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രമായി രണ്ട് ഗെറ്റപ്പുകളിലാകും താരം ചിത്രത്തിൽ എത്തുക. 2012ൽ പുറത്തിറങ്ങിയ കിങ് ആൻഡ് കമ്മീഷണറിലാണ് പ്രേക്ഷകർ സുരേഷ് ഗോപിയെ പോലീസ് യൂണിഫോമിൽ അവസാനമായി കണ്ടത്. ഇപ്പോഴിതാ പാപ്പനിലെ ഈ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പോലീസ് വേഷങ്ങളിൽ തകർത്തഭിനയിച്ച തങ്ങളുടെ സുരേഷ് ഗോപിയെ തിരികെ ലഭിച്ചുവെന്നാണ് ആരാധകർ പറയുന്നത്.
ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് പാപ്പൻ. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരുടേയും കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.
ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്.















