കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് സഹായധനം നൽകാനൊരുങ്ങി ലോകബാങ്ക്. 3 ബില്യൺ ഡോളറാണ് റഷ്യൻ ആക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്ന യുക്രെയ്‌ന് നൽകാനായി തീരുമാനമെന്നാണ് സൂചന. ഇക്കാര്യത്തിൽ ലോകബാങ്ക് ഈ ആഴ്ച തന്നെ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.
ആദ്യ ഘട്ടത്തിൽ 350 ഡോളർ അടിയന്തിര സഹായം ആയി നൽകിയേക്കും. തുടർന്ന് യുക്രെയ്‌നിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്കായി 200 മില്യൺ ഡോളർ നൽകുമെന്ന് ലോകബാങ്കും അന്താരാഷ്‌ട്ര നാണയ നിധിയും ചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
അടിയന്തരധനസഹായം നൽകാനാവശ്യപ്പെട്ട് യുക്രെയ്ൻ അന്താരാഷ്‌ട്ര നാണയ നിധിയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അപേക്ഷയും അടുത്ത ആഴ്ചയോടെ പരിഗണിച്ചേക്കും. യുക്രെയ്‌ന്റെ ഈ വർഷത്തെ വായ്പ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണനയിലാണെന്ന് അന്താരാഷ്‌ട്ര നാണയ നിധി വ്യക്തമാക്കി.
രാജ്യത്തെ ഇപ്പോഴത്തെ രാഷ്‌ട്രീയവും സാമ്പത്തികവുമായ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പണം അനുവദിക്കുന്നതിന് തടസ്സമുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്താരാഷ്‌ട്ര നാണയനിധി കൂട്ടിച്ചേർത്തു.
Comments