തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മാർഗരേഖ തയ്യാറാക്കി സർക്കാർ. ഒരു സിനിമയ്‌ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും ചർച്ച ചെയ്ത് ഇതുമായി സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്നും വനിത ശിശുക്ഷേമ മന്ത്രി വീണ ജോർജ് പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഉൾപ്പെട എല്ലാ ഘട്ടങ്ങളെയും ഒരു തൊഴിലിടമായി കണ്ട് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനുള്ള മാർഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവം മുതൽ സിനിമ മേഖലയിൽ സ്ത്രീകളുടെ പ്രശനങ്ങൾ പരിഹരിക്കാൻ ആഭ്യന്തര കമ്മിറ്റി വേണമെന്ന ആവശ്യം അതിശക്തമായിരുന്നു. വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. പൊതുസ്ഥലങ്ങൾ സ്ത്രീകളുടേതാണെന്ന സന്ദേശം ഉണർത്തുകയാണ് ലക്ഷ്യം.
അതേസമയം ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ സംസ്‌കാര സമ്പന്നരായ മലയാളികൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർത്തുന്ന മോശം പരാമർശങ്ങൾക്കെതിരെ മന്ത്രി വീണ ജോർജ് പ്രതികരിച്ചു. അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. നടിയുടെ പോസ്റ്റിന് ചുവടെയുണ്ടായിരുന്ന ‘പോയി ചത്തുകൂടെ’ എന്ന കമന്റിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു. ചിലരുടെ കമന്റുകളും നിലപാടും പ്രതിഷേധാർഹമാണെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്‌ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.















