ലക്‌നൗ : ലക്ഷക്കണക്കിന് വോട്ടുകൾ നേടി ബിജെപി മുന്നേറുമ്പോൾ സംസ്ഥാനങ്ങളിൽ നോട്ടയോട് മത്സരിച്ച് കമ്യൂണിസ്റ്റ് പാർട്ടി. ഗോവ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതത്തെക്കാൾ കൂടുതലാണ് നോട്ടയുടെ എണ്ണം. ഗോവയിലാണെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പ് ചിത്രത്തിൽ പോലുമില്ലാതെ അപ്രസക്തമായിരിക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടി. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിൽ എത്തുമ്പോൾ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് ലഭിച്ചത് രണ്ടായിരത്തിൽ താഴെ മാത്രം വോട്ടുകളാണ്.
മണിപ്പൂരിൽ ആകെ വോട്ടിന്റെ 0.06 ശതമാനം മാത്രമാണ് സിപിഐയ്‌ക്ക് ലഭിച്ചത്. സംസ്ഥാനത്ത് സഖ്യം ചേർന്നാണ് പാർട്ടി മത്സരിച്ചത് എങ്കിലും കാര്യമായ ഗുണം ലഭിച്ചില്ല. കാക്ചിഗ്, കുറൈ എന്നീ മണ്ഡലങ്ങളിലാണ് സിപിഐ മത്സരിച്ചത്. ഉച്ചവരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ ഇരു സീറ്റുകളിലുമായി 783 വോട്ടുകൾ ആണ് സിപിഐയ്‌ക്ക് ലഭിച്ചത്. അതേസമയം 0.52 ശതമാനമാണ് നോട്ടയ്‌ക്ക് ലഭിച്ച വോട്ടുകൾ.
പഞ്ചാബിൽ സിപിഐയ്‌ക്ക് 0.05 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. സിപിഎമ്മിനാകട്ടെ 0.06 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാൽ ഇരു മുന്നണികൾക്കും ലഭിച്ച ആകെ വോട്ടുകൾ ചേർത്തുവെച്ചാൽ പോലും സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് നോട്ടയ്‌ക്കൊപ്പം എത്താൻ കഴിയാത്ത സ്ഥിതിയാണ്. 0.71 ശതമാനമാണ് പഞ്ചാബിൽ നോട്ടയ്‌ക്ക് ലഭിച്ച വോട്ടുകൾ.
ഉത്തരാഖണ്ഡിലും കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് ആശ്വസിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. സംസ്ഥാനത്ത് സിപിഐയ്‌ക്കും, സിപിഎമ്മിനും 0.04 ശതമാനം വീതം വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. സിപിഐ(എം)എല്ലിന് 0.02 ശതമാനം വോട്ടുകളും ലഭിച്ചും. എന്നാൽ നോട്ടയുമായി താരതമ്യം ചെയ്യുമ്പോൾ മൂന്ന് വിഭാഗങ്ങൾക്കും ലഭിച്ച വോട്ടുകൾ കുറവാണ്. 0.87 ആണ് സംസ്ഥാനത്തെ നോട്ട ശതമാനം.
അതേസമയം ഒരു കാലത്ത് ഉത്തർപ്രദേശിൽ സ്വാധീനം ചെലുത്തിയിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. യുപിയിൽ 0.69 ശതമാനം വോട്ടുകൾ ആണ് നോട്ടയ്‌ക്ക് ലഭിച്ചത്. സിപിഐയ്‌ക്ക് 0.07 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ സിപിഎമ്മിന് 0.01 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സിപിഐ(എം)എല്ലിന്റെ സ്ഥിതിയും സമാനമാണ്.
Comments