പേര് നവോമി മക്‌റേ, വയസ് 27, കനേഡിയൻ പൗര,ജോലി യൂട്യൂബർ ഇതെന്താ വിവാഹ പരസ്യമാണോ എന്ന് ചോദിക്കാൻ വരട്ടെ, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു യുവതിയുടെ വിവരങ്ങളാണ് ഇത്. എന്താണ് ഈ യുവതിയ്‌ക്ക് ഇത്ര പ്രത്യേകത എന്നല്ലേ? അവൾ ചെയ്യുന്ന ജോലി തന്നെ. അവൾ തന്റെ കുഞ്ഞു ജോലിയിലൂടെ മാസത്തിൽ സമ്പാദിക്കുന്നത് 7.5 കോടി രൂപയാണ്.
കനേഡിയക്കാരിയായ നവോമി ഒരു യൂട്യൂബറാണ്. വെറും യൂട്യൂബറല്ല. ഫുഡ് വ്‌ളോഗർ. പലതരം ഭക്ഷണങ്ങൾ കഴിച്ചും രുചിച്ചും അഭിപ്രായം പറഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുന്ന ജോലി ഒന്നും അല്ല. മറിച്ച് കടുംനിറത്തിലുള്ള ഭക്ഷണങ്ങൾ ക്യാമറയ്‌ക്ക് മുന്നിലിരുന്ന് ചവയ്‌ക്കുന്നതാണ് നവോമി അവളുടെ ” ഫുഡ് വ്‌ളോഗിങ്ങിലൂടെ” കാണിക്കുന്നത്.
അതിശയിച്ച് മൂക്കത്ത് വിരൽ വെയ്‌ക്കാൻ വരട്ടെ. സംഭവം സത്യമാണ്. ഒരു ദിവസം ഒരേ നിറത്തിലുള്ള വിവിധ ഭക്ഷണ പദാർത്ഥങ്ങൾ ക്യാമറയ്‌ക്ക് മുന്നിലിരുന്ന് ആസ്വദിച്ച് കഴിച്ച് മാത്രം നവോമി സമ്പാദിക്കുന്നത് ഏഴരക്കോടിയിലധികം രൂപയാണ് എന്നറിയുമ്പോളാണ് കൂടുതൽ അമ്പരപ്പുണ്ടാകുക.
7.77 മില്യൺ സബസ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലിന് ഉടമയായ നവേമി അഞ്ച് വർഷം മുൻപാണ് തന്റെ രാശി തെളിയിച്ച ഫുഡ് വ്‌ളോഗിങ്ങിലേക്ക് തിരിയുന്നത്. കാലിഫോർണിയയിൽ പഠിക്കുമ്പോഴാണ് നവോമിയുടെ തലയിൽ ഇങ്ങനെ ഒരു ആശയം ഉദിച്ചത്. അങ്ങനെ ഒരു ദിവസം അവൾ കടും നിറത്തിലുള്ള പഞ്ഞി മിഠായി കഴിക്കുന്ന ഒരു വീഡിയോ എടുത്ത് യൂട്യൂബിലിട്ടു. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ വീഡിയോ നേടിയത് 1 ദശലക്ഷത്തിലധികം വ്യൂവേഴ്‌സിനേയാണ്. ഇതോടെ നവോമിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളുടെ രീതി മനസിലാവുകയും തന്റെ ഭാവി യൂട്യൂബിലാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുകയുമായിരുന്നു,.















