പാലക്കാട്: പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിൽ അപൂർവ്വ പ്രതിഭാസം. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ തീ പടരുന്ന അസ്വാഭ്വാവിക പ്രതിഭാസമാണ് റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തുകയാണ്. കിണറിനുള്ളിൽ വാതക സാന്നിധ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. ഏതാനും നാളുകളായി പ്രദേശത്തെ കിണറുകളിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമസ്ഥർ വെള്ളം പരിശോധനയ്ക്കായി അയച്ചിരുന്നു. മിനറൽ ഓയിലിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടാണ് വീട്ടുകാർക്ക് ലഭിച്ചത്. ഇതിനോടകം നിരവധി പേർക്ക് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നും കിണറിന്റെ ഉടമസ്ഥർ വ്യക്തമാക്കി. സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ലീക്ക് സംഭവിക്കുന്നതിന്റെ ഭാഗമായാണോ പ്രതിഭാസമെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.
കിണറ്റിനുള്ളിൽ നിന്ന് രൂക്ഷമായ ഗന്ധം വന്നിരുന്നു എന്നതാണ് പ്രതിഭാസത്തിന്റെ തുടക്കം. ഏകദേശം ഏഴ് മാസം മുമ്പ് മുതൽ തന്നെ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ആദ്യം ഒരു വീട്ടിലെ കിണറ്റിൽ മാത്രമാണ് ലക്ഷണങ്ങൾ ഉണ്ടായത്. പിന്നീടാണ് പരിസരത്തെ വീടുകളിലെ കിണറുകളിലും ഗന്ധം അനുഭവപ്പെടാൻ തുടങ്ങിയത്. വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിച്ചാലുടൻ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
Comments