ക്രൈസ്റ്റ്ചർച്ച്: വനിതാ ക്രിക്കറ്റിൽ നേട്ടവുമായി ഇന്ത്യൻ താരം. പേസ് ബൗളർ ജൂലൻ ഗോസ്വാമിയാണ് ഏറ്റവും അധികം വിക്കറ്റുകൾ ഏകദിനത്തിൽ വീഴ്‌ത്തുന്ന താരമായി മാറിയത്. ലോകക്രിക്കറ്റിൽ ഇന്ത്യൻ സീനിയർ താരം 250 വിക്കറ്റെന്ന മികച്ച നേട്ടമാണ് മറികടന്നത്. ഇന്ന് ഇംഗ്ലണ്ടുമായി നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലാണ് നേട്ടം കൊയ്തത്. ഇംഗ്ലണ്ടിനെതിരെ പോരാട്ടത്തിൽ താമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് ജൂലൻ അഭിമാനമായത്.
മുൻ ഓസ്‌ട്രേലിയൻ താരം കാതറീൻ ഫിറ്റ്‌സ്പാട്രിക്കാണ് ജൂലന് പിന്നിൽ 180 വിക്കറ്റുകൾ വീഴ്‌ത്തി രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യ 134ന് പുറത്തായ ശേഷം ബാറ്റിംഗിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറുകളിലാണ് ജൂലൻ ആക്രമണം അഴിച്ചുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 134ന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇന്ത്യക്കായി ബാറ്റിംഗിൽ 35 റൺസെടുത്ത സ്മൃതി മന്ഥാനയും 33 റൺസെടുത്ത റിച്ചാ ഘോഷും മാത്രമാണ് പിടിച്ചു നിന്നത്. 4 വിക്കറ്റുകൾ വീഴ്‌ത്തിയ ചാർളീ ഡീനാണ് ഇന്ത്യൻ നിരയെ തകർത്തത്. ഇംഗ്ലണ്ടിന്റെ ഓപ്പണർമാരെ ഇന്ത്യ വീഴ്‌ത്തിയെങ്കിലും മദ്ധ്യനിരയിൽ ക്യാപ്റ്റൻ ഹിതർ നൈറ്റും(53), നാറ്റ് സിവറും(45) ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ജയം അനായാസമാക്കിയത്.















