പത്തനംതിട്ട: ശബരിമല ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പമ്പയിൽ ആറാട്ട് നടക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി നാളെ 10ന് ശബരിമല നട അടയ്ക്കും. നാളെ രാവിലെ സന്നിധാനത്ത് ഉദയാസ്തമനപൂജയും പടിപൂജയും നടക്കും.
ഇന്ന് രാവിലെ ഒൻപത് വരെയാണ് ക്ഷേത്ര ദർശനം ഉണ്ടായിരിക്കുക. തുടർന്ന് നട അടച്ച്, ഭഗവാൻ ആറാട്ടിനായി പമ്പയിലേയ്ക്ക് പുറപ്പെടും. സന്ധ്യയോടെ തിരികെ സന്നിധാനത്ത് മടങ്ങി എത്തും. അതുവരെ ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. ഉത്സവകാല പൂജകൾ പൂർത്തിയാക്കി വൈകിട്ട് 7ന് കൊടിയിറക്കും.
ഇന്നലെ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ട സന്നിധാനത്തെ ഭക്തിലഹരിയിലാക്കി. അത്താഴപൂജയ്ക്ക് ശേഷം ഇന്നലെ സോപാനത്ത് ശ്രീഭൂതബലി ആരംഭിച്ചു. പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേയ്ക്കാണ് ഭഗവാൻ പുറപ്പെട്ടത്.
Comments