ന്യൂഡൽഹി: ബിരുദപഠനത്തിൽ അടിമുടി മാറ്റവുമായി കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 അദ്ധ്യയന വർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്‌സുകളുടെ കരടുമാർഗ യുജിസി പുറത്തിറക്കി.ഒട്ടേറെ പ്രത്യേകതകളടങ്ങിയതാവും ഇനി ബിരുദപഠനമെന്ന് കരടുരേഖയിൽ വ്യക്തമാണ്.
സയൻസ്-ആർട്‌സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്‌സിന് ഉണ്ടാവില്ല. ഇതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക,ആർട്‌സ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. 90 ദിവസങ്ങൾ വീതമുള്ള എട്ടു സെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാകുക.
ആദ്യ മൂന്നു സെമസ്റ്ററുകളിൽ ഹ്യമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം,വൊക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റേയും അഭിരുചിയുടേയും അടിസ്ഥാനത്തിലാകും നാല് അഞ്ച് ആറ് സെമസ്റ്ററിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാവുക.
ഏത് വിഷയത്തിലാണോ വിദ്യാർത്ഥി പ്രധാന്യം നൽകുന്നത് അതിലാണ് തുടർന്നുള്ള സെമസ്റ്ററുകളിൽ ഗവേഷണം നടത്തേണ്ടത്. ആദ്യ വർഷ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്. രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം,നാലാം വർഷം ഓണേഴ്‌സ് എന്നിവ ലഭിക്കും. ഇത് പ്രകാരം പഠനത്തിന്റെ ഏത് കാലഘട്ടത്തിലും നിശ്ചിത ബിരുദത്തോടെ വിദ്യാർത്ഥികൾക്ക് കോഴ്‌സ് അവസാനിപ്പിക്കാൻ സാധിക്കും.
രണ്ട്,നാല് സെമസ്റ്ററുകളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ഉണ്ടാകും.ഡൽഹി സർവ്വകലാശാലയിൽ ഈ വർഷം മുതൽ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിന് കീഴിലുള്ള 90 സർവ്വകലാശാലകളും ഈ അദ്ധ്യയനവർഷം തന്നെ കോഴ്‌സ് ആരംഭിക്കണമെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.
കരടുമാർഗരേഖയിൽ ഏപ്രിൽ നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. കോഴ്‌സ് നിലവിൽ വരുന്നതോടെ വിപ്ലവകരമായ മാറ്റമായിരിക്കും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവാൻ പോകുന്നത് എന്നാണ് വിലയിരുത്തൽ















