ന്യൂഡൽഹി: ‘ദ കശ്മീർ ഫയൽസി’നെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ചിത്രം വിദ്വേഷം ഉണർത്തുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളിൽ കോപം ആളിക്കത്തിച്ച് അക്രമം പ്രോത്സാഹിപ്പിക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്നും ജയ്‌റാം രമേശ് വിമർശിച്ചു.
‘ചില സിനിമകൾ മാറ്റങ്ങൾക്ക് കാരണമാകും. ചിലത് നല്ല കാര്യങ്ങൾ ചെയ്യാൻ ഏവരെയും പ്രചോദിപ്പിക്കും. എന്നാൽ, കശ്മീർ ഫയൽസ് എന്ന ചിത്രം, സമാധാനത്തെ ഇല്ലാതാക്കി വിദ്വേഷം ഉണർത്താനാണ് ശ്രമിക്കുന്നത്. യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച്, രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ചില സംഭവങ്ങൾ നടന്നതിന് ശേഷം ഇന്ത്യക്കാർ ആ മുറിവ് ഉണക്കാൻ ശ്രമിക്കുമ്പോൾ, ചിത്രം അവ വീണ്ടും ഓർമ്മപ്പെടുത്തുന്നു’ ജയ്‌റാം രമേശ് ട്വിറ്ററിൽ കുറിച്ചു.
മാർച്ച് 11നാണ് ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം റിലീസ് ചെയ്തത്. വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം, 1990 കാലഘട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന. പ്രദർശനം ആരംഭിച്ച് ഒരാഴ്ചയ്‌ക്കകം 100 കോടി ക്ലബിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചു.
‘ദ താഷ്‌കന്റ് ഫയൽസ്’, ‘ഹേറ്റ് സ്റ്റോറി’, ‘ബുദ്ധ ഇൻ എ ട്രാഫിക് ജാം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് ‘ദ കശ്മീർ ഫയൽസി’ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.















