ദുബായ്: ഒരു സാധാരണ സ്റ്റിക്കി നോട്ടിൽ 150 വ്യത്യസ്തവും വ്യക്തമായി വായിക്കാവുന്നതുമായ വാക്കുകൾ എഴുതിയ 29കാരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരിയായ പുഷ്പജ്യോതി രവികുമാറാണ് അതിസൂക്ഷ്മ കൈയക്ഷരത്തിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കിയത്.
സീനിയർ ക്ലൗഡ് എൻജിനീയറായി ജോലി ചെയ്യുന്ന പുഷ്പജ്യോതി, ഒരു സാധാരണ ഓഫീസ് സ്റ്റേഷനറി വസ്തുവായ സ്റ്റിക്കി നോട്ടിനെയാണ് റെക്കോർഡ് നേട്ടത്തിനായി ഉപയോഗിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 150 വാക്കുകൾ വ്യക്തതയോടെ എഴുതിയാണ് നേട്ടം സ്വന്തമാക്കിയത്.
ചെറുപ്പം മുതൽ ഗിന്നസ് വേൾഡ് റെക്കോർഡ്സിനോട് വലിയ താൽപര്യമുണ്ടായിരുന്നുവെന്ന് പുഷ്പജ്യോതി പറയുന്നു. വ്യത്യസ്ത കൈയക്ഷര ശൈലികളും കാലിഗ്രഫി രീതികളും പരീക്ഷിക്കുന്നതിൽ താൽപര്യമുള്ള അവർ, കൈയക്ഷരത്തിന്റെ സൂക്ഷ്മത എത്രത്തോളം പരീക്ഷിക്കാമെന്ന ചിന്തയിലാണ് റെക്കോർഡ് ശ്രമം നടത്തിയത്.
ചെറിയ സ്റ്റിക്കി നോട്ടിൽ പരമാവധി വാക്കുകൾ ഉൾപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനായി വാക്കുകളുടെ ദൈർഘ്യം, അക്ഷരങ്ങൾക്കിടയിലെ അകലം, വരികളുടെ ക്രമീകരണം എന്നിവ കൃത്യമായി ആസൂത്രണം ചെയ്തു. ചുരുങ്ങിയ വാക്കുകൾ തിരഞ്ഞെടുത്തും ഓരോ അക്ഷരവും വ്യക്തമായി വായിക്കാവുന്ന രീതിയിൽ എഴുതിയും മഷി പടരുകയോ വാക്കുകൾ തമ്മിൽ കൂടിക്കലരുകയോ ചെയ്യാത്തവിധം സ്ഥലം ക്രമീകരിച്ചു.
ആദ്യ ശ്രമത്തിൽ തന്നെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാനായത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് പുഷ്പജ്യോതി പ്രതികരിച്ചു. സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം കൈയക്ഷരകലയിലെ കഴിവും ലോകശ്രദ്ധയിലെത്തിക്കാനായതിന്റെ സന്തോഷത്തിലാണ് 29കാരി.















