ചണ്ഡിഗഢ്: ചണ്ഡിഗഢിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ. പാകിസ്താൻ പിന്തുണയുള്ള ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സെക്ടർ 43ലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് ഐഇഡിയും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
പഞ്ചാബ് സ്വദേശികളായ ലവ്പ്രീത് സിങ് (19), ജഷൻപ്രീത് സിങ് എന്ന ജഷൻദീപ് (21), പ്രഭ്പ്രീത് സിങ് എന്ന പ്രഭ് (19) എന്നിവരാണ് അറസ്റ്റിലായത്. വിദേശത്തുള്ളതായി സംശയിക്കുന്ന സത്നാം എന്ന സത്ത നൗഷേര എന്ന ബബ്ബർ ഖൽസ ഹാൻഡ്ലറുടെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. ചണ്ഡിഗഢിൽ ഐഇഡി സ്ഥാപിച്ച് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് ഏകദേശം 5 കിലോ ജെലറ്റിൻ സ്റ്റിക്ക് സ്ഫോടകവസ്തു, ഡിറ്റണേറ്റർ, പവർ സോഴ്സ്, റിമോട്ട് ഓപ്പറേറ്റഡ് സംവിധാനം, ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് ലൈവ് കാട്രിഡ്ജുകൾ എന്നിവ പിടിച്ചെടുത്തതായി ചണ്ഡിഗഢ് പൊലീസ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ ചണ്ഡിഗഢിലെ പ്രധാന കേന്ദ്രങ്ങളിലും ഗതാഗത കേന്ദ്രങ്ങളിലുമടക്കം സുരക്ഷ ശക്തമാക്കി. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തുക്കളുടെ ഉറവിടം, ഭീകരശൃംഖലയിലെ മറ്റ് കണ്ണികൾ, പ്രതികൾക്ക് സഹായം നൽകിയവർ എന്നിവ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഏകദേശം ഒരു മാസത്തിനിടെ ചണ്ഡിഗഢിൽ ബബ്ബർ ഖൽസയുമായി ബന്ധമുള്ള രണ്ടാമത്തെ മൊഡ്യൂളാണ് പൊലീസ് തകർത്തത്. ജൂലൈ 26ന് സമാനമായ കേസിൽ സത്ബീർ സിങ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 1.3 കിലോ സ്ഫോടകവസ്തുവും ഐഇഡിയും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.















