കൊച്ചി:സർക്കാറിനെതിരെ ആഞ്ഞടിച്ച് നടി പാർവ്വതി തിരുവോത്ത്. ഹേമ കമ്മറ്റി റിപ്പോർട്ടിൻമേലുള്ള സർക്കാറിന്റെ നിലപാടിനെ വിമർശിച്ചാണ് പാർവ്വതി രംഗത്തെത്തിയത്. റിപ്പോർട്ട് നീട്ടി കൊണ്ട് പോകാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പാർവ്വതി ആരോപിച്ചു. റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും. സർക്കാർ സ്ത്രീ സൗഹൃദമാകുന്നത് തിരഞ്ഞെടുപ്പ് സമയത്തുമാത്രമാണെന്നും അടുത്ത തിരഞ്ഞെടുപ്പ് വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരുമെന്നും പാർവ്വതി കുറ്റപ്പെടുത്തി. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ലെന്ന് നടി ചൂണ്ടിക്കാട്ടി.
ആഭ്യന്തരപരാതി പരിഹാര സെൽ ഇല്ലാത്തത് പലരും മുതലെടുക്കുന്നു.സിനിമയിലെ കരുത്തരായ ചിലരാണ് എതിർക്കുന്നത്.സംസാരിച്ചപ്പോൾ അവസരം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുണ്ടായെന്ന് പാർവ്വതി ആരോപിച്ചു.മാറ്റി നിർത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്ന് പാർവ്വതി കൂട്ടിച്ചർത്തു.
ചലചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
രണ്ട് വർഷം മുമ്പ് സർക്കാരിന് സമർപ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കുന്നില്ലെന്നും എന്തുകൊണ്ട് റിപ്പോർട്ടിൻമേൽ നടപടി എടുക്കുന്നില്ല എന്നും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകൾ വിമർശിച്ചിരുന്നു.
എന്നാൽ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ രൂപീകരിച്ചത് കമ്മീഷനല്ല, കമ്മിറ്റിയാണെന്നും, അതിനാൽത്തന്നെ നിയമസഭയിൽ വയ്‌ക്കാൻ ബാധ്യതയില്ലെന്നുമാണ് സർക്കാർ വാദം. മാത്രമല്ല, നിലവിലുള്ള റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിക്കുകയും ചെയ്തു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ രാജ്യത്ത് ആദ്യമായാണ് ഒരു കമ്മിറ്റി ഉണ്ടാക്കിയത്. റിപ്പോർട്ട് നൽകി രണ്ട് വർഷമായിട്ടും ആ റിപ്പോർട്ട് വീണ്ടും പഠിക്കാൻ സമിതിയെ വെച്ച സർക്കാർ നടപടി ആരെയൊക്കെയോ സംരക്ഷിക്കാനാണെന്ന വിമർശനമാണ് ശക്തമാകുന്നത്.















