ന്യൂഡൽഹി : ഛത്തീസ്ഗഡിൽ പാസ്റ്ററെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയ വാർത്ത തെറ്റായി പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമങ്ങൾ. ഒരു സംഘം ഹിന്ദുക്കൾ കൊലപ്പെടുത്തിയെന്നാണ് മാദ്ധ്യമങ്ങൾ പാടിനടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ പാസ്റ്റർ കൊല്ലപ്പെട്ടത്. ബസ്തർ ജില്ലയിൽ ആയിരുന്നു സംഭവം. എന്നാൽ മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ഹിന്ദുക്കൾ പാസ്റ്ററെ കൊലപ്പെടുത്തിയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത. ഇതിന് പുറമേ രാജ്യത്ത് ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങൾ വലിയ പീഡനങ്ങളാണ് നേരിടുന്നതെന്നും മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഓൺലൈൻ മാദ്ധ്യമങ്ങളാണ് വ്യാജവാർത്തകൾ നൽകാൻ മുൻനിരയിൽ.
പാസ്റ്ററുടെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയിലെ തന്നെ ചില മാദ്ധ്യമങ്ങൾ ഹിന്ദുക്കളാണ് സംഭവത്തിന് പിന്നിൽ എന്ന തരത്തിൽ വാർത്തകൾ നൽകിയിരുന്നു. ഇതാണ് വ്യാജ വാർത്ത ചമയ്ക്കാൻ ചൈനീസ് മാദ്ധ്യമങ്ങൾക്ക് പ്രചോദനം ആയെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം മുതലാണ് ചൈന നൽകിയ വാർത്തകളുടെ ലിങ്കും സ്ക്രീൻ ഷോട്ടുകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കാൻ ആരംഭിച്ചത്. വ്യാജ വാർത്ത നൽകിയ ചൈനയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്.
Comments