പാലക്കാട് : കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആലത്തൂർ കാവശ്ശേരിയിലാണ് സംഭവം. പാടൂർ സിപിഎം എൽസി സെക്രട്ടറി പ്രമോദിന്റെ നേതൃത്വത്തിൽ 20 ഓളം പേർ ഓഫീസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം നടന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സമരക്കാർ മർദ്ദിച്ചു. അസി.എഞ്ചിനിയർ കുഞ്ഞുമുഹമ്മദ്, ഓവർസിയർ മനോജ്, ലൈൻമാൻമാരായ നടരാജൻ ആറുമുഖൻ വർക്കർമാരായ അഷറഫ്, കുട്ടപ്പൻ, രാമൻകുട്ടി, അപ്രന്റിസ് സഞ്ജയ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഓഫീസിലെ സാധനങ്ങളും അക്രമികൾ കേടുവരുത്തി.
പരിക്ക് പറ്റിയവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പണിമുടക്കിന്റെ പേരിൽ ഇടത് നേതാക്കൾ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് അഴിഞ്ഞാട്ടമാണ് നടത്തുന്നത്. റോഡിൽ ഇറക്കിയ വാഹനങ്ങൾ തല്ലിതകർക്കുകയും കടയുടമകളെ മർദ്ദിക്കുകയും ചെയ്താണ് സമരക്കാർ പ്രതിഷേധിക്കുന്നത്.
Comments