കൊച്ചി: നിർത്തിയിട്ടിരുന്ന കാറിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി പോലീസ്. ആലുവ കോമ്പാറയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നാണ് 80 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.
ആലുവ കുടിയമറ്റം വീട്ടിൽ കബീർ (38), എടത്തല മുരിങ്ങാശ്ശേരി വീട്ടിൽ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടിൽ മനു ബാബു (31), വടുതല ചെത്തിപ്പറമ്പത്ത് വീട്ടിൽ മനീഷ് (25), എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
നേരത്തെ മറ്റൊരു കഞ്ചാവ് കേസിൽ പിടിയിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തുടർന്നാണ് കോമ്പാറയിൽ നടത്തിയ തിരച്ചിലിനൊടുവിൽ നാലംഗ സംഘത്തെ കുടുക്കാനായത്. എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എംകേഴ്സൺ, എസ്ഐമാരായ ശാന്തി കെ. ബാബു, മാഹിൻ സലിം, രാജൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments