തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്നുവെന്ന പരാതിയിലുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണസംഘം (എസ്ഐടി). കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം നാല് മണിക്കൂറോളം നീണ്ടു. മെസ്സിയുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായി മുന്‍മന്ത്രി നടത്തിയ സ്‌പെയിന്‍ യാത്ര, പരിപാടിയുടെ സ്‌പോണ്‍സറായി ആന്റോ അഗസ്റ്റിനെ തിരഞ്ഞെടുത്ത രീതി, ഇതില്‍ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളിലാണ് എസ്ഐടി പ്രധാനമായും വിവരങ്ങള്‍ തേടിയത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസിലും കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീടുകളിലും നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായും സ്‌പോണ്‍സറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും ഇമെയില്‍ സന്ദേശങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഈ രേഖകളും അന്വേഷണസംഘം നേരത്തെ തയ്യാറാക്കിയ ചോദ്യാവലിയും അടിസ്ഥാനമാക്കിയാണ് മുന്‍ മന്ത്രിയില്‍ നിന്ന് മൊഴിയെടുത്തത്. മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയില്‍ ആന്റോ അഗസ്റ്റിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെയും സ്‌പോണ്‍സറായി തെരഞ്ഞെടുത്തതില്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് നേരത്തെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നു. ടെന്‍ഡര്‍ നടപടികളില്ലാതെ സ്‌പോണ്‍സറെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും എസ്ഐടി പരിശോധിക്കുന്നുണ്ട്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആന്റോ അഗസ്റ്റിന് പരിപാടിക്കായി വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായിരുന്നോ എന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്റ്റേഡിയം കൈമാറ്റത്തില്‍ സാധാരണ നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇടപെടലുകള്‍ ഉണ്ടായെന്ന സംശയവും ഇതുമായി ബന്ധപ്പെട്ട രേഖകളും എസ്ഐടി പരിശോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ മന്ത്രി ആന്റോ അഗസ്റ്റിന് വഴിവിട്ട സഹായം നല്‍കിയോയെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കേസില്‍ ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുമെതിരെ വഞ്ചന, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളാണ് നിലവിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും എസ്ഐടി പരിശോധിച്ചുവരികയാണ്.















