ന്യൂഡൽഹി/തിരുവനന്തപുരം: കോൺഗ്രസിന്റെ അംഗത്വ ക്യാമ്പെയ്ൻ ഏപ്രിൽ 15 വരെ നീട്ടി. നവംബർ ഒന്നിന് തുടങ്ങിയ ക്യാമ്പെയ്ൻ മാർച്ച് 31 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതുവരെ 4.5 കോടിയിലധികം ആളുകൾ അംഗത്വ ക്യാമ്പെയ്‌നിലൂടെ പാർട്ടി അംഗത്വമെടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പുറത്തുവിടുന്ന ഏകദേശ കണക്ക്
ഡിജിറ്റൽ അംഗത്വ വിതരണം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്നാണ് പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയുടെ തയ്യാറെടുപ്പുകൾക്ക് ഇത് ഗുണം ചെയ്യുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. പഴയ രീതിയിൽ പേപ്പർ അംഗത്വവിതരണവും പാർട്ടി നടത്തുന്നുണ്ട്. ഇവരുടെ പേരുകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ കൂട്ടിച്ചേർക്കുന്നുണ്ടെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
അഞ്ച് മാസങ്ങൾക്കുളളിൽ മൂന്ന് കോടിയിലധികം പേർ പേപ്പർ മെമ്പർഷിപ്പിലൂടെയാണ് അംഗത്വമെടുത്തത്. എന്നാൽ ആദ്യ 40 ദിവസങ്ങളിൽ ഡിജിറ്റൽ അംഗത്വത്തിലൂടെ ക്യാമ്പെയ്‌ന്റെ ഭാഗമായത് 1.3 കോടി പേരാണെന്നും നേതാക്കൾ പറയുന്നു. അതുകൊണ്ടു തന്നെ ഡിജിറ്റൽ അംഗത്വം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് നിർദ്ദേശം. 18 നും 40 നും ഇടയിൽ പ്രായമുളള 42 ശതമാനം സ്ത്രീകളും 47 ശതമാനം പുരുഷൻമാരും ഡിജിറ്റൽ അംഗത്വമാണ് തിരഞ്ഞെടുത്തതെന്നും പാർട്ടി വൃത്തങ്ങൾ കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നു.
തെക്കൻ സംസ്ഥാനങ്ങളാണ് അംഗത്വ ക്യാമ്പെയ്‌നിൽ മുൻപിൽ നിൽക്കുന്നത്. കർണാടകയിൽ 34 ലക്ഷവും കേരളത്തിൽ 10 ലക്ഷവും മഹാരാഷ്‌ട്രയിൽ 15 ലക്ഷവുമാണ് അംഗങ്ങൾ. തെലങ്കാനയാണ് മുൻപിൽ. 39 ലക്ഷം പേരാണ് ക്യാമ്പെയ്‌നിൽ അംഗത്വമെടുത്തത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ പക്ഷെ മൂന്ന് ലക്ഷം പേരെ മാത്രമേ ചേർക്കാൻ കഴിഞ്ഞുളളൂ.
കേരളത്തിലും മെമ്പർഷിപ്പ് വിതരണം 15 ദിവസത്തേക്ക് കൂടി നീട്ടിയതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കേന്ദ്ര ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇക്കാര്യം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
Comments