മുംബൈ : ദി കശ്മീർ ഫയൽസ് സിനിമയുടെ മറവിൽ ബിജെപി വർഗ്ഗീയത പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. സാമൂഹിക അന്തരീക്ഷത്തിൽ ബിജെപി വിഷം കലർത്തുന്നു. ദി കശ്മീർ ഫയൽസ് പോലുള്ള സിനിമയ്ക്ക് ഒരിക്കലും പ്രദർശനാനുമതി നൽകരുതെന്നും ശരത് പവാർ പറഞ്ഞു.
സിനിമയുടെ മറവിൽ തെറ്റായ പ്രചാരണങ്ങളാണ് ബിജെപി നടത്തിവരുന്നത്. ഒരു വിഭാഗം ജനങ്ങളുടെ പ്രശ്നം മാത്രമാണ് സിനിമയിൽ പറയുന്നത്. അതിനാൽ ഇത്തരം സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത്. എന്നാൽ ഇതിന് പകരം സിനിമയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ്. നികുതി ഇളവ് ഉൾപ്പെടെ നൽകി കൂടുതൽ പേരെ സിനിമ കാണാൻ ആകർഷിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. ഇത് ആളുകൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള പ്രോത്സാഹനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരി പണ്ഡിറ്റുകളെയും, മുസ്ലീങ്ങളെയും കൊന്നത് പാകിസ്താൻ ഭീകരർ ആണ്. കശ്മീരി പണ്ഡിറ്റുകളെക്കുറിച്ച് കേന്ദ്രസർക്കാരിന് ചിന്തയുണ്ടെങ്കിൽ അവരെ പുന:രധിവസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും ശരത് പവാർ പറഞ്ഞു.
Comments