മുംബൈ: ഐപിഎല്ലിൽ ഇന്ന് 8-ാമത്തെ മത്സരത്തിന് പഞ്ചാബ് -കൊൽക്കത്ത ടീമുകളി റങ്ങുന്നു. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. സീസണിലെ രണ്ടാമത്തെ ജയമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മികച്ച ജയം നേടിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്. 200ന് മുകളിലുള്ള സ്‌കോർ പിന്തുടർന്ന് നേടിയ ജയം മറ്റെല്ലാവർക്കും വെല്ലുവിളി തന്നെയാണ്. അതേസമയം ബംഗ്ലൂരിവിനോട് തോറ്റ ക്ഷീണം തീർക്കാനാണ് കൊൽക്കത്ത ഇറങ്ങുന്നത്.
മായങ്ക് അഗർവാളിന്റെ പഞ്ചാബ് ദക്ഷിണാഫ്രിക്കൻ പേസ് നിരയുടെ കുന്തമുന കാഗിസോ റബാഡയുടെ വരവോടെ ഇന്ന് കൂടുതൽ കരുത്തുനേടും. ആക്രമിച്ച് കളിക്കുക എന്ന തന്ത്രം മാത്രമേ തങ്ങൾക്കുള്ളുവെന്ന് പരിശീലകൻ ബ്രൻഡം മക്കല്ലം പറഞ്ഞു കഴിഞ്ഞു.
ആന്ദ്രേ റസലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നതാണ് കൊൽക്കത്തയുടെ ആശങ്ക. വിൻഡീസ് താരം കളിക്കാതിരുന്നാൽ അഫ്ഗാന്റെ മുഹമ്മദ് നബിയോ ശ്രീലങ്കയുടെ ചമിക കരുണ രത്‌നയോ കളിക്കും. ബൗളിംഗിൽ മികച്ച ഫോമിലുള്ള ഉമേഷ് യാദവാണ് കൊൽക്കത്തയുടെ കരുത്ത്. വരുൺ ചക്രവർത്തി അടിവാങ്ങിക്കൂട്ടുന്നത് തലവേദനയാണ്.















