മുംബൈ: രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിലെ പ്രകടനത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മുംബൈ ഇന്ത്യൻസിന്റെ തിലക് വർമയെന്ന 19 കാരൻ. തിലകിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
സ്വന്തമായി എന്ന് പറയാൻ വീടില്ലെന്നും ഐപിഎല്ലിലൂടെ ലഭിക്കുന്ന തുക കൊണ്ട് അച്ഛനും അമ്മയ്ക്കും വീട് വെച്ച് നൽകുമെന്നാണ് 2020 അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ ടീമിലെ അംഗം കൂടിയായ തിലക് പറയുന്നത്.
വളർന്നുവരുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സാമ്പത്തിക പരാധീനതകളുണ്ടായിരുന്നു. എന്റെ ക്രിക്കറ്റ് ചെലവുകളും ചേട്ടന്റെ പഠനച്ചെലവുകളും അച്ഛനു ലഭിക്കുന്ന ചെറിയ ശമ്പളത്തിൽ ഏറെ ബുദ്ധിമുട്ടിയാണ് നടന്നിരുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്‌പോൺസർഷിപ്പ് പണവും മാച്ച് ഫീയുമൊക്കെയായി എന്റെ ക്രിക്കറ്റ് ചെലവുകൾ നടത്തിക്കൊണ്ടുപോകാവുന്ന പണം ലഭിക്കുന്നുണ്ട്
. ഞങ്ങൾക്ക് ഇതുവരെ സ്വന്തമായി ഒരു വീടില്ല. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പണം കൊണ്ട് മാതാപിതാക്കൾക്കായി ഒരു വീട് വെക്കണം. ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന പണത്തിലൂടെ ഇനി സ്വതന്ത്രമായി കളിക്കാൻ എനിക്ക് സാധിക്കും. ഐപിഎൽ ലേലത്തിൽ എന്റെ തുക വർദ്ധിക്കുന്നതുകണ്ട് എന്റെ പരിശീലകൻ കരഞ്ഞു. മാതാപിതാക്കളെ വിളിച്ചപ്പോൾ അവരും കരയുകയായിരുന്നുവെന്ന് തിലക് പറയുന്നു.















