തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ-മധ്യ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ ആൻഡമാൻ കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടിലിൽ ന്യൂനമർദമായി മാറിയേക്കാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന വേനൽമഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി നാശം സംഭവിച്ചു. വീടുകളുടെ മേൽക്കൂര പറന്ന് മാറുകയും ശക്തായ ഇടിമിന്നലിൽ തെങ്ങുകൾക്ക് തീപ്പിടിക്കുകയും ചെയ്തിരുന്നു. പല നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം സ്തംഭിച്ചു. മരങ്ങൾ കടപുഴകി വീണു. മഴയിൽ 14 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായെന്നാണ് കണക്ക്.
Comments