ദുബായ് : ചരക്ക് വാഹനമോടിക്കാൻ പുതിയ പെർമിറ്റ് നിർബന്ധമാക്കി അബുദാബി. ഭാരം കുറഞ്ഞതും കൂടിയതുമായ ചരക്കു വാഹനങ്ങൾക്ക് നിയമം ഒരു പോലെ ബാധകമാണ്. അതേ സമയം അബുദാബിയിലെ ഹാഫിലാത്ത് ബസ്കാർഡുകൾ ഇനി ഓൺലൈൻ ആയി റീച്ചാർജ് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ചരക്കുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ സമഗ്ര ഗതാഗത വകുപ്പിന് കീഴിലെ അസറ്റീൽ ട്രാക്കിംഗ് സംവിധാനത്തിൽ നിന്നാണ് ഇതിനായുള്ള പ്രത്യേക പെർമിറ്റുകൾ നേടേണ്ടത്. ചരക്ക് സ്ഥാപനങ്ങളുടെ പ്രവർത്തനം, വാഹനം, ഡ്രൈവർ എന്നീ വിഭാഗങ്ങൾക്കെല്ലാം പ്രത്യേക പെർമിറ്റുകൾ തന്നെ എടുത്തിരിക്കണം. ചരക്കുകൾ കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്ക് മാത്രമല്ല, മറിച്ച് ചെറുവാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.പ്രവർത്തനങ്ങൾ പുന:ക്രമീകരിക്കുന്നതിന് ആറു മാസത്തെ സമയപരിധി അനുവദിക്കും.
ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
അബുദാബിയിലെ ഹാഫിലാത്ത് ബസ്കാർഡുകൾ ഓൺലൈൻ ആയി റീച്ചാർജ് ചെയ്യാനുള്ള സംവിധാനം അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി സമഗ്രഗതാഗത കേന്ദ്രമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഗതാഗത കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് കാർഡുകൾ ടോപ് അപ് ചെയ്യേണ്ടത്. കാർഡിലുള്ള സീരിയൽ നമ്പർ നൽകുകയും ക്രെഡിറ്റ് അല്ലെങ്കിൽ ഡബിറ്റ് കാർഡ് ഉപയോഗിച്ച് തുക അടക്കുകയും വേണം. നേരത്തെ ടിക്കറ്റ് വെൻഡിംഗ് മെഷീനിലൂടെ മാത്രമേ ഹാഫിലാത്ത് കാർഡുകൾ റീച്ചാർജ് ചെയ്യാൻ അവസരം ഉണ്ടായിരുന്നുള്ളു.
Comments