ന്യൂയോർക്ക്: ട്വിറ്റർ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച ഇലോൺ മസ്‌കിന്റെ ഓഫർ പരിശോധിച്ചുവരികയാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗ്രവാൾ. ട്വിറ്ററിലെ സഹപ്രവർത്തകരോടാണ് പരാഗ് അഗ്രവാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ മുഴുവൻ ഓഹരികളും 43 ബില്യൻ ഡോളറിന് വാങ്ങാൻ തയ്യാറാണെന്നായിരുന്നു ഇലോൺ മസ്‌ക് മുന്നോട്ടുവെച്ച വാഗ്ദാനം.
ഒരു ഓഹരിക്ക് 54.20 ഡോളർ ആണ് മസ്‌ക് വിലയിട്ടത്. ന്യൂയോർക്കിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെയും മസ്‌കിന്റെ കമ്പനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ട്വിറ്ററിന്റെ ഉടമസ്ഥാവകാശം നിലവിൽ കൈമാറ്റം ചെയ്യാൻ പരാഗ് അഗ്രവാളിന് പൂർണസമ്മതമില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാലും മസ്‌കിന്റെ ഓഫർ പൂർണമായി തളളിക്കളയേണ്ടെന്ന നിലപാടിലാണ് കമ്പനി.
മസ്‌കിന്റെ ഓഫറിന് പിന്നാലെ ട്വിറ്ററിലെ വിവിധ ചുമതലക്കാരുടെ യോഗം ചേർന്നിരുന്നതായും ഇതിലാണ് ഓഫർ പരിശോധിച്ചുവരികയാണെന്ന് പരാഗ് അഗ്രവാൾ വ്യക്തമാക്കിയതെന്നും ദ വേർജ് റിപ്പോർട്ട് ചെയ്തു. മസ്‌ക് ഏറ്റെടുക്കുകയാണെങ്കിൽ ട്വിറ്ററിന്റെ ഭാവിയെക്കുറിച്ച് യോഗത്തിൽ ജീവനക്കാർ ആശങ്ക രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
കൈമാറുകയാണെങ്കിൽ ജീവനക്കാരെ നിലനിർത്തുന്ന കാര്യത്തിൽ കമ്പനിയുടെ നിലപാടും യോഗത്തിന്റെ ഭാഗമായി നടന്ന ചോദ്യോത്തര വേളയിൽ ഒരാൾ ഉന്നയിച്ചു. എന്നാൽ ഇക്കാര്യത്തെക്കുറിച്ചുളള ചർച്ചകൾ ഇപ്പോൾ നടത്തുന്നത് വളരെ നേരത്തെയായി പോകുമെന്ന മറുപടിയാണ് പരാഗ് അഗ്രവാൾ നൽകിയത്.
ആഗോളതലത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള പ്ലാറ്റ്‌ഫോം എന്ന രീതിയിൽ തനിക്ക് വിശ്വാസ്യതയുളളതിനാലാണ് ട്വിറ്ററിൽ നിക്ഷേപം നടത്തിയതെന്ന് മസ്‌ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനിൽ നൽകിയ ഫയലിംഗിൽ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ നടത്തിപ്പിന് ഏറ്റവും അനിവാര്യമായ ഘടകമാണെന്നും മസ്‌ക് പറയുന്നു. എന്നാൽ നിലവിലെ രൂപത്തിൽ ട്വിറ്ററിന് ഇതിന് പരിമിതിയുണ്ട്. അതുകൊണ്ടു തന്നെ ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായി മാറേണ്ടിയിരിക്കുന്നുവെന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ട്വിറ്ററിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായി മസ്‌ക് മാറിയിരുന്നെങ്കിലും ഡയറക്ടർ ബോർഡിൽ ചേരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കമ്പനി ഏറ്റെടുക്കാൻ ഇത് തടസമാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഈ തീരുമാനം. ട്വിറ്ററിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളിൽ സമൂഹമാദ്ധ്യമ ഉപയോക്താക്കളിൽ നിന്നും മസ്‌ക് അഭിപ്രായങ്ങളും തേടിയിരുന്നു.















