ബെയ്ജിംഗ് : യുഎസ് കോൺഗ്രസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനു പിന്നാലെ തായ്വാന് ചുറ്റും സൈനിക അഭ്യാസങ്ങൾ നടത്തി ചൈന .കിഴക്കൻ ചൈനാ കടലിലേക്കും തായ്വാന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചൈനയുടെ സൈന്യം ഫ്രിഗേറ്റുകളും ബോംബറുകളും യുദ്ധവിമാനങ്ങളും അയച്ചതായി പീപ്പിൾസ് ലിബറേഷൻ ആർമി ഈസ്റ്റേൺ തിയേറ്റർ കമാൻഡ് അറിയിച്ചു.
തായ്വാൻ വിഷയത്തിൽ അമേരിക്ക അടുത്തിടെ നടത്തിയ പ്രതികരണത്തിനു മറുപടിയാണ് ഈ സൈനിക അഭ്യാസമെന്നാണ് സൂചന . ‘ യുഎസിന്റെ ഈ മോശം പ്രവർത്തനങ്ങളും തന്ത്രങ്ങളും തീർത്തും നിരർഥകവും വളരെ അപകടകരവുമാണ്. തീയിൽ കളിക്കുന്നവർ സ്വയം കൊല്ലപ്പെടും ,” ചൈനീസ് പ്രസ്താവനയിൽ പറയുന്നു.
സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റി ചെയർമാൻ ബോബ് മെനെൻഡസിന്റെ നേതൃത്വത്തിലുള്ള ആറ് യുഎസ് കോൺഗ്രസ് അംഗങ്ങളുടെ പ്രതിനിധി സംഘം അപ്രതീക്ഷിത സന്ദർശനത്തിനായി വ്യാഴാഴ്ച തായ് വാനിലെത്തിയിരുന്നു . അവർ തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ, ദേശീയ പ്രതിരോധ മന്ത്രി ചിയു കുവോ-ചെങ് എന്നിവരുമായി ചർച്ച നടത്തുമെന്ന് തായ്വാൻ വാർത്താ ഏജൻസി സിഎൻഎ റിപ്പോർട്ട് ചെയ്തു.
Comments